രാജ്യത്തെ സാമ്പത്തിക രംഗം തകരുമ്പോള്‍ മോദി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും 'ഓം'മിനെക്കുറിച്ചും; വിമര്‍ശനവുമായി കോണ്‍ഗ്രസ്
national news
രാജ്യത്തെ സാമ്പത്തിക രംഗം തകരുമ്പോള്‍ മോദി സംസാരിക്കുന്നത് പശുവിനെക്കുറിച്ചും 'ഓം'മിനെക്കുറിച്ചും; വിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 10:32 pm

ന്യുദല്‍ഹി: ഗോസംരക്ഷണത്തെ എതിര്‍ക്കുന്ന ആളുകളാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പശുവിനെക്കുറിച്ചും ‘ഓം’മിനെക്കുറിച്ചുമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് കോണ്‍ഗ്രസ് പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും പ്രധാനമന്ത്രി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഗോസംരക്ഷണത്തെ എതിര്‍ക്കുന്ന ആളുകാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ വാദം എന്നാല്‍ ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും മോദി മഥുരയില്‍ പറഞ്ഞിരുന്നു.

മഥുരയില്‍ ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്താ എജന്‍സിയായ എ.എന്‍.െഎയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ മൂലം ലെതര്‍ (തുകല്‍) വിപണി വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം മാത്രം മൂന്ന് ശതമാനത്തിലധികം ഇടിവാണുണ്ടായത്. 2017-18 സാമ്പത്തിക വര്‍ഷം ആദ്യ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ 1.30 ശതമാനം ഇടിവുണ്ടായി. ഇന്ത്യാ സ്‌പെന്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്താകമാനം 2.5 മില്യണ്‍ തൊഴിലാളികളാണ് ലെതര്‍ വ്യവസായത്തിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളോ ദളിതരോ ആണ്. ലോകത്തെ ഒമ്പത് ശതമാനം ലെതര്‍ ഉത്പാദനം ഇന്ത്യയില്‍നിന്നാണ്. തുകല്‍ ഉല്‍പാദത്തില്‍ 12.93 ശതമാനവും ഇന്ത്യയില്‍നിന്നാണ്.

Doolnews video