| Tuesday, 10th July 2018, 11:51 pm

നെറ്റ്ഫ്ളിക്സ് സീരിസില്‍ രാജീവ് ഗാന്ധിയെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍ക്കട്ട: നെറ്റ്ഫ്ളിക്സ് സീരിസായ സേക്രഡ് ഗെയിംസില്‍ രാജീവ് ഗാന്ധിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ളിക്സിനും സേക്രഡ് ഗെയിംസ് നിര്‍മ്മാതാക്കള്‍ക്കും നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കുമെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്.

രാജീവ് ഗാന്ധിയെ അശ്ലീല പദങ്ങളുപയോഗിച്ച് പരാമര്‍ശിച്ചുവെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സംഭവങ്ങള്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്നും ആരോപിച്ചാണ് ബംഗാള്‍ കോണ്‍ഗ്രസ് നേതാവായ രാജീവ് സിന്‍ഹ നടനും നിര്‍മാതാക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഗണേഷ് എന്ന കഥാപാത്രം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ “ഫട്ടു” എന്നു വിളിക്കുന്നുവെന്നും ഇത് സബ് ടൈറ്റിലില്‍ pu*** എന്നാണ് എഴുതികാണിക്കുന്നതെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചുകൊണ്ട് രാജീവ് ഗാന്ധിയെ അപമാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

ALSO READ: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ വിട്ടു

സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന സേക്രഡ് ഗെയിംസ് കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. വിക്രം ചന്ദ്ര എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും സീരീസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച നിരവധി സംഭവങ്ങളിലൂടെയാണ് സേക്രഡ് ഗെയിംസ് കടന്നുപോകുന്നത്.

അടിയന്തരാവസ്ഥയുടെയും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്തു നടന്ന ബോഫോര്‍സ് അഴിമതിയുടെയും ഷാ ബാനു കേസിന്റെയും പശ്ചാത്തലത്തിലാണ് കഥ
നടക്കുന്നത്.

ALSO READ: മാലിന്യനിര്‍മാര്‍ജനത്തിനുള്ള കോടതി വിധി പാലിച്ചില്ല; കേരളത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി

1985ലെ ഷാ ബാനു മുത്തലാഖ് കേസില്‍ രാജീവ് ഗാന്ധി രാഷ്ട്രീയനേട്ടമുണ്ടാക്കാനായി സ്ത്രീ സ്വാതന്ത്രത്തെ ഹനിച്ചുവെന്ന് ഗണേഷ് എന്ന കഥാപാത്രം പറയുന്നു. ഹിന്ദുക്കളുടെ ഭാഗത്തുനിന്നു പോലും എതിര്‍പ്പുണ്ടായപ്പോള്‍ പ്രീണനശ്രമമായാണ് രാമായണം സീരിയല്‍ ഇറക്കിയതെന്നും സിരീസില്‍ പറയുന്നു.

സിരീസ് മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണെന്നും സിന്‍ഹ പരാതിയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more