ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ആദില്‍ സിംഗ് ബൊപ്രായി.
ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിച്ചാല്‍ പൗരന്മാരെ ജയിലിലടക്കുമെന്ന സന്ദേശമാണ് മോദിയും അമിത് ഷായും നല്‍കുന്നതെന്ന് ബൊപ്രായി പറഞ്ഞു.
”ഉത്തരവാദിത്തത്തെക്കുറിച്ച് ചോദിക്കുന്നത് ഇന്ത്യയില്‍ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ ഉത്തരം അന്വേഷിച്ചാല്‍ ഞങ്ങള്‍ നിങ്ങളെ ജയിലിലടയ്ക്കും എന്ന സന്ദേശമാണ് പ്രധാനമന്ത്രിയും അമിത് ഷായും നല്‍കുന്നത്,” ആദില്‍ സിംഗ് ബൊപ്രായി പറഞ്ഞു.
നേരത്തെ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘എന്നെയും അറസ്റ്റ് ചെയ്യൂ’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു. മോദിയെ വെല്ലുവിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുവെന്നാണ് പവന്‍ ഖേര പറഞ്ഞത്.
‘പ്രധാനമന്ത്രിയോട് വാക്സിനെപ്പറ്റി ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റര്‍ പ്രധാനമന്ത്രി’, എന്നായിരുന്നു പവന്‍ ഖേര പറഞ്ഞത്.
നേരത്തെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ചോദ്യം ചോദിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍, തന്നെയും അറസ്റ്റ് ചെയ്യുവെന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.
തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയും സംഭവത്തില്‍ മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൃത്യമായ ചോദ്യം ചോദിച്ചവരെ ജയിലടയ്ക്കുന്നുവെന്നാണ് മഹുവ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് 12 പേരെ ദല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.
രാജ്യം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ആഭ്യന്തരമായി 10 കോടി വാക്‌സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക