തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ച സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ഭരണഘടനാ ലംഘനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് പറഞ്ഞു. എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രി സഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നടപടി അസാധാരണ നടപടിയാണെന്നും ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ താഴത്തെ ഹാളില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമസഭ ചേരുന്നതിനുള്ള അനുമതി രണ്ടാം വട്ടവും ഗവര്‍ണര്‍ ആരിഫ് ഖാന്‍ തള്ളുകയായിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നിയമ ഭേദഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കക്ഷി നേതാക്കള്‍ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു.
രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുന്നത്. കര്‍ഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Congress against Governor Arif khan who denying permission to convene kerala assembly