കൊച്ചി: കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമക്കെതിരെ വീണ്ടും കോണ്‍ഗ്രസ്. സിനിമയിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
‘ചുരുളി എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്,’ ജോണ്‍സണ്‍ എബ്രഹാം കത്തില്‍ പറഞ്ഞു.
സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോട് കൂടി സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായ ചേരുവയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
അതിനാല്‍ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
സിനിമക്കെതിരെ യൂത്ത് കോണ്‍ഗ്രസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞത്.
ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും നുസൂര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Congress against Churuli film, lijo jose pellissery, joju george