കൊച്ചി: കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി സിനിമക്കെതിരെ വീണ്ടും കോണ്‍ഗ്രസ്. സിനിമയിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സി നിര്‍വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പച്ചത്തെറികളും അസഭ്യവാക്കുകളും സിനിമകളിലൂടെ കടത്തി വിടുന്നത്, അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
‘ചുരുളി എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്. ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്,’ ജോണ്‍സണ്‍ എബ്രഹാം കത്തില്‍ പറഞ്ഞു.
സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോട് കൂടി സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായ ചേരുവയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്.