ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി നയിക്കുന്ന കേന്ദ്രം 2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം 30 ലക്ഷം ഒഴിവുകളാണുണ്ടായതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
‘മോദി സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയം ഒഴിവുകള്‍ നികത്തലല്ല.
2014ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ ഇരട്ടിയായി. സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളില്‍ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്നിവര്‍ക്ക് വിരുദ്ധമായത് കൊണ്ടാണ് ഒഴിവുകള്‍ നിരത്താത്തത്.
കുറച്ച് റിക്രൂട്ട്‌മെന്റ് കത്തുകള്‍ നല്‍കി യുവാക്കളുടെ കണ്ണില്‍ പൊടിയിടുകയാണ് മോദി,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
തസ്തികകളുടെ ഒഴിവ് സൂചിപ്പിക്കുന്ന ഒരു ചാര്‍ട്ടും അദ്ദേഹം പങ്കുവെച്ചു. അതുപ്രകാരം, 2014ല്‍ ഒഴിവ് 11.57 ശതമാനമാണെങ്കില്‍ 2022ല്‍ അത് 24.3 ശതമാനമായി ഉയര്‍ന്നു.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ (പി.എസ്.യു) നിന്ന് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ പറഞ്ഞിരുന്നു. ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ ലക്ഷക്കണക്കിന് യുവതയുടെ പ്രതീക്ഷകളാണ് ചവിട്ടിമെതിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.
‘പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. എല്ലാ യുവാക്കളുടെയും തൊഴില്‍ സ്വപ്നമായിരുന്നു. എന്നാല്‍, ഇന്ന് ഇതൊന്നുമല്ല സര്‍ക്കാരിന്റെ മുന്‍ഗണന.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരം 2014ലെ 16.9 ലക്ഷത്തില്‍ നിന്നും 14.6 ലക്ഷമായി കുറഞ്ഞു.
ഒരു പുരോഗമന രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുമോ? ബി.എസ്.എന്‍.എല്ലില്‍ 1,81,127, എസ്.ഐ.എല്ലില്‍ 61,928, എം.ടി.എന്‍.എല്ലില്‍ 34,997, എസ്.ഇ.സി.എല്ലില്‍ 29,140, എഫ്.സി.ഐയില്‍ 28,063, ഒ.എന്‍.ജി.സിയില്‍ 21,120 വീതവും തൊഴിലവസരങ്ങള്‍ കുറഞ്ഞു.
ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ 2 ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
content highlights: congress against central government vaccencies