ന്യൂദല്‍ഹി: വ്യക്തിഗത ആദായനികുതി വര്‍ധിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. വ്യക്തിഗത ആദായനികുതിയിലെ വര്‍ധനവ് രാജ്യത്തെ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
വ്യക്തിഗത ആദായനികുതി വര്‍ധിപ്പിച്ചതിലൂടെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ പോക്കറ്റിലേക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിച്ചുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 2024ല്‍ 5,74,357 കോടി രൂപയായിരുന്ന കോര്‍പ്പറേറ്റ് നികുതി 2,10,274 കോടിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. അതേസമയം റീഫണ്ടുകള്‍ ഒഴികെ വ്യക്തിഗത ആദ്യനികുതി 3,46,036 കോടി രൂപയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയത്.
2024 ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ ഒന്ന് വരെയുള്ള കാലയളവില്‍ മൊത്തം വ്യക്തിഗത ആദായനികുതി പിരിവ് 3.61 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ മൊത്തം കോര്‍പ്പറേറ്റ് നികുതി പിരിവ് 2.65 ലക്ഷം കോടി രൂപയുമാണ്. നികുതി പിരിവിലെ ഈ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
‘രാജ്യത്തെ മധ്യവര്‍ഗം കനത്ത നികുതി ഭാരമാണ് വഹിക്കുന്നത്. സാധാരണക്കാരെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായ സാമ്പത്തിക ചൂഷണങ്ങള്‍ക്കാണ് വിധേയമാക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ കോര്‍പ്പറേറ്റ് കമ്പനികളേക്കാള്‍ അധികം നികുതിയാണ് സര്‍ക്കാരിന് നല്‍കുന്നത്,’ ജയറാം രമേശ് വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായാണ് കേന്ദ്രം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രയായിരിക്കെ, വ്യക്തിഗത ആദായനികുതി മൊത്തം നികുതി പിരിവിന്റെ 21 ശതമാനം ആയിരുന്നു. കോര്‍പ്പറേറ്റ് നികുതി മൊത്തം നികുതി പിരിവിന്റെ 35 ശതമാനവും. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന് കീഴിലെ കോര്‍പ്പറേറ്റ് ആദായനികുതി പിരിവ് 26 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതേസമയം വ്യക്തിഗത ആദായനികുതി 28ലേക്ക് ഉയരുകയും ചെയ്തുവെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
യു.പി.എ ഭരണം അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ 35 ശതമാനവും സ്വകാര്യ നിക്ഷേപമായിരുന്നു. എന്നാല്‍ 2014-2024 വരെയുള്ള കാലയളവില്‍ ഇത് 29 ശതമാനമായി കുറഞ്ഞുവെന്നും ജയറാം രമേശ് പറഞ്ഞു.
Content Highlight: Congress against central government on personal income tax hike