പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ത്രിപുരയില്‍ പട്ടാപ്പകല്‍ ബി.ജെ.പി ജനാധിപത്യത്തെ കൊല്ലുന്നു: കോണ്‍ഗ്രസ്
national news
പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ത്രിപുരയില്‍ പട്ടാപ്പകല്‍ ബി.ജെ.പി ജനാധിപത്യത്തെ കൊല്ലുന്നു: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2024, 7:55 am

അഗര്‍ത്തല: ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് പട്ടാപ്പകല്‍ ജനാധിപത്യം കൊല ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരങ്ങളില്‍ ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാകുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുമെന്ന് ഉറപ്പുള്ളവരെ ബി.ജെ.പി അനുയായികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അക്രമം അഴിച്ചുവിടുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. സംസ്ഥാനത്ത് എന്തൊക്കെയാണോ ചെയ്യുന്നത് അതാണ് യഥാർത്ഥ്യത്തിൽ ‘സംവിധാന്‍ ഹത്യ’യെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

‘ത്രിപുരയിലെ സംഭവങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍, മൂല്യങ്ങള്‍, വ്യവസ്ഥകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ബി.ജെ.പിയുടെ ആക്രമണമാണ്. ഇതാണ് യഥാര്‍ത്ഥ സംവിധാന്‍ ഹത്യ,’ എന്നാണ് ജയറാം രമേശ് പറഞ്ഞത്.

സ്വയം പ്രഖ്യാപിത ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണ് സംസ്ഥാനത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംശയമുണ്ടെന്ന് ത്രിപുര, സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളുടെ എ.ഐ.സി.സി ചുമതലയുള്ള ഗിരീഷ് ചോദങ്കര്‍ പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2024 ജൂലൈ 11നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്നേദിവസം കല്യാണ്‍പൂര്‍ ആര്‍.ഡി ബ്ലോക്ക്, മോഹന്‍പൂര്‍ ആര്‍.ഡി ബ്ലോക്ക്, സച്ചന്ദ് ആര്‍.ഡി ബ്ലോക്ക്, ടെപാനിയ ആര്‍.ഡി ബ്ലോക്ക്, ദുക്ലി ആര്‍.ഡി ബ്ലോക്ക്, സലേമ ബ്ലോക്ക്, ബിഷാല്‍ഗഡ് ബ്ലോക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പറയുന്നു.ഏതാനും പ്രവര്‍ത്തകരുടെ വീടുകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും ഇതിനുപിന്നിൽ ബി.ജെ.പിയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ത്രിപുരയിലെ രാജ്‌നഗറിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി.ഐ.എം നേതാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ബാദൽ ഷിൽ എന്നയാളാണ് മരിച്ചത്. സംഭവത്തിൽ പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കൂടാതെ ത്രിപുര ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-തിപ്ര മോത പാനലായ ഐഞ്ചേബി ഉന്നയൻ മഞ്ചയെ പരാജയപ്പെടുത്തി സി.പി.ഐ.എം-കോൺഗ്രസ് പിന്തുണയുള്ള ‘സേവ് കോൺസ്റ്റിറ്റ്യൂഷൻ ഫോറം’ വിജയിച്ചു. ത്രിപുര ബാർ അസോസിയേഷൻ പ്രസിഡൻ്റായും സെക്രട്ടറിയായും മത്സരിച്ച മൃണാൾ കാന്തി ബിശ്വാസും (കോൺഗ്രസ്), കൗശിക് ഇന്ദുവും (സി.പി.ഐ.എം) തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അഭിഭാഷക സംഘടന കൂടിയാണ് ത്രിപുര ബാർ അസോസിയേഷൻ.

അതേസമയം ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായി നല്‍കാന്‍ അനുവദിക്കണമെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരു പാര്‍ട്ടികളുടെയും പ്രതിനിധി സംഘമാണ് ആവശ്യം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എന്‍.ഡി.എ അനുകൂല ഗ്രൂപ്പുകളുടെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും പ്രസ്തുത ആവശ്യവുമായി മുന്നോട്ടുവന്നത്. ത്രിപുരയില്‍ ഓഗസ്റ്റ് എട്ടിനാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 10ന് വോട്ടെണ്ണും.

Content Highlight: Congress against BJP in the violence that followed the announcement of panchayat elections in Tripura