ന്യൂദല്‍ഹി: രാജ്യത്ത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അകലം വര്‍ധിക്കുകയാണെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നും വ്യവസായ രംഗം മുമ്പെങ്ങുമില്ലാത്തവിധം തകര്‍ച്ചയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തിക മാന്ദ്യം രാജ്യസഭയില്‍ ചര്‍ച്ചയായപ്പോഴായിരുന്നു ആനന്ദ് ശര്‍മ്മയുടെ പ്രതികരണം. രാജ്യത്തെ ജി.ഡി.പി ദിനംപ്രതി ഇടിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. നോട്ട് നിരോധനത്തിന്റെ തിരിച്ചടിയാണ് സാമ്പത്തിക മാന്ദ്യമെന്നും ജി.എസ്.ടി പരാജയമാണെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജി.എസ്.ടിയും ജനങ്ങളെ അരക്ഷിതരാക്കിയെന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയനും പറഞ്ഞു. രാജ്യത്തെ സമസ്ത മേഖലകളും തകര്‍ച്ചയിലാണെന്ന് എളമരം കരീമും അഭിപ്രായപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ എസ്.പി.ജി സുരക്ഷ നല്‍കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘പ്രധാനമന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കാത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് എസ്.പി.ജി സുരക്ഷ നല്‍കില്ല. പ്രധാനമന്ത്രിയുടെ സുരക്ഷ അത്ര നിര്‍ണായകമാണ്.’- അദ്ദേഹം പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഉണ്ടായിരുന്ന എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചിരുന്നു.