| Tuesday, 11th February 2020, 7:46 pm

'തകര്‍ന്നത് ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം'; ബി.ജെ.പിയെ വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബി.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ആനന്ദ് ശര്‍മയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ബി.ജെ.പിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ദല്‍ഹി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. അതേസമയം, ആര് ജയിക്കുന്നു എന്നത് മാത്രമല്ല തെരഞ്ഞെടുപ്പ് മറിച്ച് സമൂഹത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ തകര്‍ക്കുക എന്നതാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ബി.ജെ.പിയുടെ ഭിന്നിപ്പിന്റെ അജണ്ടയാണ് തകര്‍ന്നിരിക്കുന്നത്. ശരിയാണ് കോണ്‍ഗ്രസിന് മികച്ചപ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല, സത്യമാണ്” ആനന്ദ് ശര്‍മ പറഞ്ഞു.

” ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷാ യും എം.എല്‍.എമാരും എം.പിമാരും ഉണ്ടായിരുന്നു. എന്നിട്ടും ആം ആദ്മിയോട് ബി.ജെ.പി പരാജയപ്പെട്ടിരിക്കുന്നു”,
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കൈവരിച്ചപ്പോള്‍ കനത്തപരാജയമാണ് ബി.ജെ.പി. നേരിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 17 ശതമാനം വോട്ടിന്റെ കുറവാണ് ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത കാലത്തെ കനത്ത പരാജയമാണ് ബി.ജെ.പി ദല്‍ഹിയില്‍ നേരിട്ടത്. 63 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമ്പോള്‍ കേവലം ഏഴു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

We use cookies to give you the best possible experience. Learn more