| Wednesday, 24th July 2013, 12:45 am

യു.പി.എ സര്‍ക്കാറിനെ പരിഹസിച്ച് ഹോട്ടല്‍ ബില്‍: ഹോട്ടലിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: യു.പി.എ സര്‍ക്കാരിനെ പരിഹസിക്കുന്ന വാചകങ്ങള്‍ ബില്ലില്‍ അച്ചടിച്ച ഹോട്ടലിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. []

നഗരത്തിലെ പരേലിലുള്ള അതിഥി റസ്റ്റാറന്റാണ് ശീതീകരിച്ച റസ്റ്റാറന്റുകളില്‍ സേവന നികുതി ഏര്‍പ്പെടുത്തിയ യു.പി.എ സര്‍ക്കാറിനെ പരിഹസിക്കുന്ന വാചകങ്ങളുമായി ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കിയത്.

“യു.പി.എ സര്‍ക്കാറിന്റെ ചട്ടപ്രകാരം പണം തിന്നുന്നത് (ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ) അനിവാര്യവും എ.സി ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നത് ആഡംബരവുമാണ് ” എന്ന ബില്ലിലെ വാചകമാണ് വിവാദമായത്.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ഇരച്ചുകയറി റസ്‌റ്റോറന്റ് പൂട്ടിച്ചു. ബില്ലില്‍ നിന്ന് വിവാദ വാചകങ്ങള്‍ നീക്കം ചെയ്ത ശേഷമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.

ഹോട്ടലുടമ ശ്രീനിവാസ് ഷെട്ടിക്കെതിരെ ഇവര്‍ പോലീസില്‍ പരാതിയും നല്‍കി. അതേസമയം പരിഹാസ വാചകങ്ങളുള്ള ബില്ല് ഇനി നല്‍കില്ലെന്ന് ഉടമ ഉറപ്പു നല്‍കിയതായി പോലീസ് അറിയിച്ചു.

തുടര്‍ന്ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more