| Friday, 16th September 2022, 12:06 pm

ജോഡോ യാത്രാ പിരിവിനിടെ വ്യാപാരിയെ ആക്രമിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പിരിവ് നല്‍കാത്തതിന് കൊല്ലത്ത് വ്യാപാരിയെ ആക്രമിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അടക്കം മൂന്ന് പേരെയാണ് കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം നടപടികള്‍ കോണ്‍ഗ്രസില്‍ അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കുള്ള ഫണ്ട് പിരിവിനിടെയായിരുന്നു അക്രമം. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരി അനസിനെയാണ് സംഭാവന കുറഞ്ഞുപോയെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചത്.

രണ്ടായിരം രൂപ കോണ്‍ഗ്രസ് നേതാക്കള്‍ രസീത് എഴുതി. അഞ്ഞൂറ് രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് പറഞ്ഞതോടെ പ്രകോപിതരായി സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നെന്നും അനസ് പറഞ്ഞു.

‘ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഒരു സംഘം കോണ്‍ഗ്രസുകാര്‍ കടയില്‍ വന്നു. 500 രൂപ പിരിവുകൊടുത്തപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. രണ്ടായിരം രൂപ നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞു. കടയില്‍ അക്രമമുണ്ടാക്കി. ത്രാസ് അടിച്ചുപൊട്ടിച്ചു. സ്റ്റാഫിനെ മര്‍ദിച്ചു. പച്ചക്കറി വാങ്ങാനെത്തിയ സ്ത്രീകളെ അസഭ്യം പറഞ്ഞു. സാധനങ്ങള്‍ വാരിയെറിഞ്ഞ് നാശനഷ്ടമുണ്ടാക്കി. സഹിക്കാന്‍ പറ്റാത്ത ആക്രമണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായത്. കുന്നിക്കോട് ഷാമിയാസ് വെഡ്ഡിങ്ങിന്റെ ഉടമസ്ഥന്‍ ഷമീറാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.’എന്നാണ് അനസ് പറഞ്ഞത്

സംസ്ഥാനത്ത് 19 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡാ യാത്രക്ക് ഗതാഗതം, ഭക്ഷണം, താമസസൗകര്യം, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ ഭാരിച്ച ചെലവാണ് കെ.പി.സി.സിക്ക് മേല്‍ വരിക. ഭാരത് ജോഡോ യാത്രക്ക് എത്ര രൂപ ചെലവ് വരുമെന്നതില്‍ നേതാക്കളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത് അഞ്ച് കോടി രൂപയോളം ആകെ ചെലവ് വരുമെന്നാണ്. എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും 50,000 രൂപയുടെ കൂപ്പണുകളാണ് പ്രാദേശിക ചെലവുകള്‍ കണ്ടെത്തുന്നതിനായി നല്‍കിയിരിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും യാത്ര.
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതല്‍ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വര്‍ഷം ആദ്യം യാത്ര തുടങ്ങുമെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞത്. പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയാണ് യാത്ര നടത്തുക.

Content Highlight: Congress action against the leaders who attacked the trader during the Jodo yatra fund collection

We use cookies to give you the best possible experience. Learn more