ഭോപാല്‍: മധ്യപ്രദേശില്‍ അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മടങ്ങിവരുന്ന തൊഴിലാളികള്‍ക്കായി എന്ത് സൗകര്യങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത് എന്ന് ചോദിച്ച കോണ്‍ഗ്രസ്, പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമേ ബി.ജെ.പി സര്‍ക്കാരിന് കൈമുതലായുള്ളു എന്നും വിമര്‍ശിച്ചു. മടങ്ങി വരുന്ന തൊഴിലാളികളുടെ ലിസ്റ്റ് നല്‍കിയാല്‍ വേണ്ട സൗകര്യങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കിക്കൊള്ളുമെന്നും മുന്‍ മുഖ്യമന്ത്രികൂടിയായ കമല്‍നാഥ് പറഞ്ഞു.
യാത്രാ ചെലവുകള്‍ വഹിക്കേണ്ട തൊഴിലാളികളുടെ പട്ടിക ആവശ്യപ്പെട്ട് കമല്‍ നാഥ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതി. സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനിച്ചതായും കമല്‍ നാഥ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘മധ്യപ്രദേശ് സര്‍ക്കാര്‍ ഈ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ, എന്ത് സംവിധാനങ്ങളാണ് അവരുടെ മടങ്ങിവരവിന് മുന്നോടിയായി നടത്തിയിട്ടുള്ളത്?’, അദ്ദേഹം ചോദിച്ചു.
സംഭവത്തിന് പിന്നാലെ തൊഴിലാളികളോട് ഇപ്പോള്‍ മടങ്ങിവരരുതെന്നും താമസിക്കുന്നിടത്തുതന്നെ തുടരാനുമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കുറച്ച് സമയമെടുക്കുമെല്ലാം എല്ലാവരും ക്ഷമയോടെ കാത്തിരിക്കാനുമാണ് ചൗഹാന്‍ ട്വീറ്റ് ചെയ്തത്.