പേടിഎം സ്ഥാപകന്‍ മോദി ഭക്തന്‍; റിസര്‍വ് ബാങ്ക് നടപടിയെടുത്തിട്ടും കേന്ദ്രത്തിന് മൗനം: കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്.
പേടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് സുപ്രിയ ശ്രീനേറ്റ് വിമര്‍ശിച്ചു. നിലവില്‍ ഫിന്‍ടെക് സ്ഥാപനത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള കടമ സര്‍ക്കാരിനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് റാലികളില്‍ പേടിഎമ്മിനെ മോദി ശക്തമായി പിന്തുണക്കുന്നുണ്ടെന്നും മോദിയുടെ കൂട്ടാളികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സുപ്രിയ എ.എൻ.ഐയോട് ചോദിച്ചു.
നിരന്തരമായി മോദിയോടൊപ്പം വിജയ് ശേഖര്‍ ശര്‍മ സെല്‍ഫി എടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രിക്ക് അനുകൂലമായി പരസ്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞതായി എ.എൻ.ഐ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പേടിഎമ്മിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടണെന്നും കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തി. ഏഴ് വര്‍ഷക്കാലത്തോളം പേടിഎമ്മിനെ മോദി സര്‍ക്കാര്‍ സംരക്ഷിച്ച് നിര്‍ത്തിയത് എന്തിനാണെന്നും സുപ്രിയ ശ്രീനേറ്റ് ചോദിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തില്‍ കമ്പനിക്കെതിരെയും സ്ഥാപകനെതിരെയും സ്ഥാപനത്തിന്റെ സി.ഇ.ഒക്കെതിരെയും അന്വേഷണം നടത്താന് ഇ.ഡി തയ്യാറാവുന്നില്ലെന്നും സുപ്രിയ ആരോപിച്ചു.
ഫെബ്രുവരി 29 മുതല്‍ റിസര്‍വ് ബാങ്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണ ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് പേടിഎമ്മിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
അതേസമയം ഏതാനും വിഷയങ്ങളില്‍ മുമ്പ് സ്ഥാപനം അന്വേഷണത്തിന് വിധേയമായിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളില്‍ അന്വേഷണ ഏജന്‍സികളോട് പൂര്‍ണമായും തങ്ങള്‍ സഹകരിച്ചിട്ടുണ്ടെന്നും പേടിഎം പ്രതികരിച്ചു. നിലവില്‍ തങ്ങളുടെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷനോ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയോ ഇ.ഡിയുടെ അന്വേഷണം നേരിടുന്നില്ലെന്നും പേടിഎമ്മിന്റെ ജീവനക്കാര്‍ പറഞ്ഞു.
Content Highlight: Congress accuses Modi on Paytm issue