മഹാരാഷ്ട്ര സർക്കാർ 10,000 കോടി രൂപയുടെ ഹൈവേ അഴിമതി നടത്തി: കോൺഗ്രസ്
national news
മഹാരാഷ്ട്ര സർക്കാർ 10,000 കോടി രൂപയുടെ ഹൈവേ അഴിമതി നടത്തി: കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 7:51 am

പൂനെ: ഹൈവേ പദ്ധതികളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. മഹായുതി പാർട്ടിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് സംഭാവനകൾക്ക് പകരമായി ചില കമ്പനികൾക്ക് ഇൻഫ്രാസ്ട്രക്ചർ പ്രൊജെക്ടുകൾ സർക്കാർ നൽകിയെന്നും ഇത് നികുതിദായകർക്ക് കാര്യമായ നഷ്ടമുണ്ടാക്കിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര അവകാശപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലെ സമാന പദ്ധതികളേയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന പദ്ധതികളേയും അപേക്ഷിച്ച് മഹാരാഷ്ട്രയിലെ റോഡ് നിർമാണത്തിൽ ഒരു കിലോമീറ്ററിന്റെ നിർമാണച്ചെലവ് ഗണ്യമായി വർധിപ്പിച്ചതായി ഖേര ആരോപിച്ചു

‘മഹാരാഷ്ട്രയിൽ, ഈ ചെലവ് ഇരട്ടിയായി, നികുതിദായകരുടെ പോക്കറ്റിൽ നിന്ന് 10,000 കോടി രൂപ സർക്കാർ ഊറ്റിയെടുത്തു ,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടെൻഡർ നടപടികളിൽ ഉണ്ടായ അഴിമതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മഹായുതി സർക്കാർ നിയമ ചട്ടക്കൂടുകൾ മറികടന്നെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളെ രണ്ട് പ്രൊജെക്ടുകൾ വീതം പരിമിതപ്പെടുത്തുന്നത് പോലുള്ള ടെൻഡർ മാർഗ്ഗനിർദ്ദേശങ്ങൾ അവർ ലംഘിച്ചു. പൂനെയിൽ രണ്ട് കമ്പനികൾക്ക് നാല് പ്രൊജക്റ്റുകൾ വീതം നൽകിയതായും ഖേര കൂട്ടിച്ചേർത്തു.

തുരങ്ക നിർമാണ പദ്ധതികളിലെ ക്രമക്കേടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി, ടണൽ ജോലിയിൽ 10 ശതമാനം പദ്ധതികൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെങ്കിലും, ചില കമ്പനികൾക്ക് അനുകൂലമായി പദ്ധതി മുഴുവനും തുരങ്ക പദ്ധതിയിൽ കൂട്ടിച്ചേർത്ത് മഹാരാഷ്ട്രയിലെ പദ്ധതിച്ചെലവ് 20,990 കോടി രൂപയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മറ്റിടങ്ങളിലെ സമാന പദ്ധതികളുടെ ചെലവ് 10,087 കോടി രൂപയാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിൽ ഏകനാഥ് ഷിൻഡെയുടെ ശിവസേന, ബി.ജെ.പി, അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി എന്നിവ ഉൾപ്പെടുന്നു. നവംബർ 20നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

Content Highlight: Congress accuses Maharashtra govt of Rs 10,000 crore highway scam