'രോഗം പ്രതിരോധിക്കാനല്ല, വിവരങ്ങള്‍ മറച്ചുവെക്കാനുള്ള തിരക്കിലാണ് ഗുജറാത്ത് സര്‍ക്കാര്‍'; വെബ്‌സൈറ്റില്‍നിന്നും വിവരങ്ങള്‍ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്
national news
'രോഗം പ്രതിരോധിക്കാനല്ല, വിവരങ്ങള്‍ മറച്ചുവെക്കാനുള്ള തിരക്കിലാണ് ഗുജറാത്ത് സര്‍ക്കാര്‍'; വെബ്‌സൈറ്റില്‍നിന്നും വിവരങ്ങള്‍ ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 9:58 am

അഹമ്മദാബാദ്: ഗുജറാത്തിലെ യഥാര്‍ത്ഥ കൊവിഡ് വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. പോസിറ്റീവ് കേസുകളുടെ എണ്ണം കുറച്ച് കാണിക്കാനായി പരിശോധനകള്‍ വൈകിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ മുമ്പ് ചെയ്തിരുന്നത്. എന്നാലിപ്പോള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍നിന്നും മറച്ചുവെക്കാനാണ്ശ്രമമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കൊവിഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയ വെബ്‌സൈറ്റില്‍നിന്നും പല കാര്യങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദിവസേനയുള്ള അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനവും നിര്‍ത്തി. ജില്ല തിരിച്ചുള്ള കണക്കുകളും പുറത്തുവിടുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടതിന് പകരം രോഗികളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെക്കുന്നതിലുള്ള തിരക്കലാണ് ബി.ജെ.പി സര്‍ക്കാരെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.

‘ആരോഗ്യ പ്രിന്‍സിപല്‍ സെക്രട്ടറി ജയന്തി രവി നടത്തിയിരുന്ന കൊവിഡ് വാര്‍ത്താ സമ്മേഷനത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ദിവസംതോറുമുള്ള വിവരങ്ങള്‍ ഇവിടെയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകളും സര്‍ക്കാര്‍ നല്‍കുന്നില്ല’, ദോഷി പറഞ്ഞു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നാണ് സര്‍ക്കാര്‍ കൊവിഡ് രോഗികളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇനി രോഗം ഭേദമായവരുടെ വിവരങ്ങള്‍ മാത്രമേ വെബ്‌സൈറ്റില്‍ ലഭ്യമാകൂ. മൊത്തം രോഗികളുടെ എണ്ണത്തിന് പകരം ചികിത്സയിലുള്ള രോഗികളുടെ എണ്ണം മാത്രമേ രേഖപ്പെടുത്തുകയുള്ളു.

മൊത്തം രോഗികളുടെ എണ്ണത്തിന് പ്രാധാന്യം നല്‍കുന്നത് ജനങ്ങളെ ഭയപ്പെടുത്തും. ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്താനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ജയന്തി രവി പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദിവസംതോറുമുള്ള കൊവിഡ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വാര്‍ത്താ സമ്മേളനങ്ങളും നടക്കുന്നില്ല. മൊത്തം രോഗികളുടെ എണ്ണം മാധ്യമങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെയും രോഗികളുടെ എണ്ണത്തിന്റെയും കാര്യത്തില്‍ നാലാമത് നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. മരണനിരക്കില്‍ രണ്ടാമതുമാണ് സംസ്ഥാനം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് ഇവിടുത്തെ കൊവിഡ് മരണ നിരക്ക്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക