| Saturday, 30th May 2020, 4:59 pm

ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ കൊവിഡുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

ഒരു ദിവസം എത്ര ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്ന കണക്കുകള്‍ സര്‍ക്കാര്‍ പൊതുജനങ്ങളുമായി പങ്കുവെക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് വരുത്തിത്തീര്‍ക്കുകയാണ് ബി.ജെ.പി നേതൃത്വമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കൊറോണ വൈറസ് ഡാഷ്‌ബോര്‍ഡില്‍ നിന്ന് ബി.ജെ.പി സര്‍ക്കാര്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഓരോ ദിവസവും നടത്തുന്ന ഡെയ്‌ലി ബ്രീഫിങ്ങുകളും ഇപ്പോള്‍ ഇല്ല. ഓരോ ജില്ലകളിലും രേഖപ്പെടുത്തുന്ന കൊവിഡ് കേസുകളുടെ കണക്കുപോലും സംസ്ഥാനത്തെ ജനങ്ങളുമായി പങ്കുവെക്കുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് പകരം കൊവിഡ് രോഗികളുടെ എണ്ണം കുറിച്ചുകാണിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി നേരത്തെ നടത്തിയിരുന്ന ഡെയ്‌ലി ബ്രീഫിങ്ങുകള്‍ ഇപ്പോള്‍ നടത്തുന്നില്ല. കൊവിഡുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്ന നിര്‍ണായക വിവരങ്ങള്‍ കൊറോണ വൈറസ് ഡാഷ്‌ബോര്‍ഡില്‍ നിന്നും നീക്കിയിരിക്കുന്നു.

ഓരോ സിറ്റിയിലും എത്ര കേസുകള്‍ രജിസ്റ്ററര്‍ ചെയ്യുന്നുണ്ടോ എത്ര പേര്‍ ക്വാറന്റീനിലുണ്ടെന്നോ അറിയില്ല. ഒരു മഹാമാരിയെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ പരാജയമായിരിക്കുകയാണെന്നും എങ്ങനെയെങ്കിലും സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ രൂക്ഷതയെ മറച്ചുവെക്കാനാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പൊതുജനങ്ങളുടെ ആരോഗ്യം വെച്ചാണ് അധികൃതര്‍ കളിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും ദല്‍ഹിക്കും പിന്നാലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more