കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി സി.പി.ഐ.എം. വീഡിയോ ഷെയര്‍ ചെയ്ത പ്രൊഫൈലുകളുടെ രേഖകള്‍ സഹിതം ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എം. സ്വരാജ് പരാതി നല്‍കി.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക് പേജിലാണ് ഇവ പ്രത്യക്ഷപ്പെട്ടതെന്നും മന്ത്രി പി. രാജീവും എം. സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഒരു അശ്ലീല വീഡിയോ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട ആളുകളുടെ കവര്‍ ചിത്രമുള്ള പേജുകളില്‍ ആദ്യം പോസ്റ്റ് ചെയ്തു. ഇത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ്, സ്ഥാനാര്‍ത്ഥി നായകനാകുന്ന വീഡിയോ എന്ന പേരില്‍ ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു.
അതീവഗൗരവമുള്ള സംഗതിയാണ്. ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാര്‍ത്ഥിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. ഒരു പാര്‍ട്ടിയും കാണിക്കാത്ത മോശപ്പെട്ട പ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തുന്നത്,’ പി. രാജീവ് പറഞ്ഞു.
എല്‍.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത നെറികെട്ട പ്രചരണം യു.ഡി.എഫ് നടത്തുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണെന്നും എം. സ്വരാജ് വിമര്‍ശിച്ചു.
‘എല്‍.ഡി.എഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത നെറിക്കെട്ട പ്രചരണം യു.ഡി.എഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോയുള്ള പേജില്‍ നിന്നാണ് അശ്ലീല വീഡിയോ പ്രചരിച്ചത്.
ആദ്യം ശ്രദ്ധയില്‍പ്പെട്ടത് സ്റ്റീഫന്‍ ജോണ്‍ എന്ന പേരിലുള്ള എഫ്.ബി അക്കൗണ്ടാണ്. കണ്ടാല്‍ അറിയാം, സുധാകരനിസം എന്നാണ്. ഏത് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് സ്വയം വിശദീകരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷന്റെ ചിത്രവുമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress accused of circulating videos in Joe Joseph CPI has complaint with the DGP