| Saturday, 23rd November 2019, 7:05 pm

'അപമാനിതനാവുന്നതിനേക്കാള്‍ നല്ലത് ഫഡ്‌നാവിസ് ഇപ്പോഴെ രാജിവെക്കുന്നത്'; ആത്മവിശ്വാസം വീണ്ടെടുത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന നീക്കത്തില്‍ പകച്ചു പോയിരുന്നു കോണ്‍ഗ്രസ്. എന്‍.സി.പിയും ശിവസേനയും അങ്ങനെ തന്നെ. എന്നാല്‍ ഇന്ന് രാത്രിയാവുമ്പോഴേക്കും ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത അജിത്ത് പവാറിനോടൊപ്പം എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും അധികം എം.എല്‍.എമാര്‍ ഒഴുകിയിട്ടില്ലെന്ന ഇപ്പോഴത്തെ സ്ഥിതിയാണ് കോണ്‍ഗ്രസിനെയും മറ്റ് പാര്‍ട്ടികളെയും ആശ്വാസത്തിലാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപമാനിതനാവുന്നതിനേക്കാള്‍ നല്ലത് ഫഡ്‌നാവിസ് ഇപ്പോഴെ രാജിവെക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോയ 12ല്‍ 7 എം.എല്‍.എമാരും എന്‍.സി.പി ക്യാമ്പിലേക്ക് മടങ്ങിയെത്തിയിരുന്നു.

അത് മാത്രമല്ല അജിത്ത് പവാറിന്റെ വിശ്വസ്തനായ ധനഞ്ജയ് മുണ്ഡെ മടങ്ങിയെത്തിയതും വലിയ ആശ്വാസമാണ് മൂന്ന് പാര്‍ട്ടികള്‍ക്കും സമ്മാനിച്ചിരിക്കുന്നത്. എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.

എന്നാല്‍ ഇന്ന് വൈകീട്ട് വൈ.ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന എന്‍.സി.പി യോഗത്തിലെത്തി ശരത് പവാറിനെ കണ്ടതോടെയാണ് എന്‍.സി.പി ക്യാമ്പുകളില്‍ ആശ്വാസമായത്.

അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more