| Friday, 5th November 2021, 9:17 am

യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി; കെ.പി.സി.സി അധ്യക്ഷനെതിരെ ഗ്രൂപ്പ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയ കെ. സുധാകരന്റെ നടപടിയില്‍ അതൃപ്തിയറിയിച്ച് എ-ഐ ഗ്രൂപ്പുകള്‍. നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിയുടെ അദാഹരണമാണ് കെ.പി.സി.സി അധ്യക്ഷന്റെ ഈ നടപടിയെന്നാണ് ഗ്രൂപ്പ്  നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടനാ നിര്‍ത്തിവെക്കണമെന്നായിരുന്നു കെ.പി.സി.സി വിശാല നേതൃയോഗത്തിലെ എ-ഐ ഗ്രൂപ്പുകളുടെ പ്രധാന വിമര്‍ശനം.

പാര്‍ട്ടിയുടെ യൂണിറ്റ് കമ്മിറ്റികള്‍ സുധാകരന്‍ അനുകൂലികള്‍ കയ്യടക്കുകയാണെന്നും ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് സുധാകരന്‍ യോഗത്തില്‍ തന്നെ വിശദീകരണം നല്‍കിയെങ്കിലും, വിമര്‍ശനമുന്നയിച്ച നേതാക്കളെ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി കുറ്റപ്പെടുത്തി എന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.

വിമര്‍ശകര്‍ക്ക് ജനപിന്തുണയില്ല എന്നതടക്കമുള്ള അധ്യക്ഷന്റെ പരസ്യനിലപാടിലാണ് മുതിര്‍ന്ന നേതാക്കാള്‍ക്കും അമര്‍ഷമുള്ളത്.

പാര്‍ട്ടിക്കുള്ളില്‍ പോലും ആരോഗ്യകരമായ ചര്‍ച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യശൈലിയുടെ തുടര്‍ച്ചയാണെന്നും അവര്‍ വിമര്‍ശിച്ചു.

അതുകൂടാതെ, നേതൃയോഗത്തില്‍ പുനഃസംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ പിന്നീട് നിലപാട് മാറ്റി ഹൈക്കമാന്റിന്റെ അംഗീകാരമുണ്ടെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കള്‍ പറയുന്നു.

കെ.പി.സി.സി പുനഃസംഘടനാ വിവാദത്തില്‍ എതിര്‍പ്പും തമ്മിലടിയും ഉണ്ടെങ്കിലും അവ പരസ്യമാക്കണ്ട എന്ന നിലപാടിലായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അധ്യക്ഷന് മറുപടി നല്‍കണം എന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress A-I Groups against K Sudhakaran

 

Latest Stories

We use cookies to give you the best possible experience. Learn more