| Wednesday, 13th June 2018, 9:07 am

സുധീരന്‍ അതിരുകടക്കുന്നു; ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ എ ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തിനു പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ പ്രസിഡണ്ടുമായ വി.എം സുധീരനെതിരെ പരാതി നല്‍കാന്‍ എ ഗ്രൂപ്പ്. ഹൈക്കമാന്‍ഡിന് പരാതി നല്‍കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

പരസ്യപ്രസ്താവന വിലക്കിയിട്ടും നേതൃത്വത്തിനെതിരെ ഇന്നലെയും സുധീരന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രതികരിച്ചതാണു നേതാക്കളെ ചൊടിപ്പിച്ചത്. താന്‍ ഗ്രൂപ്പ് പോരിന്റെ ഇരയാണെന്നും വി.എം സുധീരന്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയകാര്യസമിതിയിലും കെ.പി.സി.സി നേതൃയോഗത്തിലും അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അവസരം കിട്ടിയ സുധീരന്‍ വിലക്കു ലംഘിച്ചു പരസ്യപ്രസ്താവന നടത്തിയതു ശരിയായില്ലെന്നും അവസരം മുതലെടുത്തു പാര്‍ട്ടിയില്‍ കലാപം സൃഷ്ടിക്കാനാണു സുധീരന്റ ലക്ഷ്യമെന്നുമാണ് എ ഗ്രൂപ്പിന്റ ആരോപണം.

ALSO READ:  കഫീല്‍ ഖാന്റെ സഹോദരന്റെ നില ഗുരുതരമായി തുടരുന്നു; വിദഗ്ധ ചികിത്സയ്ക്കായി കാഷിഫിനെ ലക്‌നൗവിലേക്ക് മാറ്റി

നേരത്തെ താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് പീഡനം മൂലമാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

“ഗ്രൂപ്പ് മാനേജര്‍മാരുടെ വൈരാഗ്യം മൂലമാണ് താന്‍ രാജിവെച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വീതംവെക്കുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് പകരം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുകയാണ്.” സുധീരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്.

ഇതിനുപിന്നാലെയാണ് സുധീരനെതിരെ നടപടി ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more