മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. എന്‍.സി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി നല്‍കിയ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി ഭരണം കൊണ്ടുവരുന്ന നടപടി നിയമവിരുദ്ധമാണെന്നാണ് സഞ്ജയ് നിരുപം പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് യുടെ പ്രതികരണം.
‘മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് നേരത്തേ തന്നെ തീരുമാനിച്ചതാണ്. പക്ഷെ പക്ഷെ കേന്ദത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ഇന്ന് രാത്രി 8.30 വരെ കാത്തിരിക്കണം. എന്‍.സി.പിയുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന വഴിയായി ഈ സമയപരിധി ഗവര്‍ണര്‍ തന്നെ നിശ്ചയിച്ചതാണ്. പ്രഥമ ദൃഷ്ട്യാ ഇത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്’. സഞ്ജയ് ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 8.30 വരെ എന്‍.സി.പിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നതാണ്. എന്നിട്ടും എങ്ങനെയാണ് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയുക എന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നടപടിയില്‍ പ്രതിഷേധിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. എന്‍.സി.പിയ്ക്കു നല്‍കിയ സമയം അവസാനിക്കുന്നതിനുമുമ്പ് എങ്ങനെയാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുകയെന്ന് ശിവസേനാ നേതാതവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്നു ശിവസേന അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെ ഇക്കാര്യം സംസാരിക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ എന്നിവരെ കണ്ടിരുന്നു.
ഫലം പുറത്ത് വന്ന് 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. രാഷ്ടപതി ഭരണം മാത്രമാണ് ഏക മാര്‍ഗമെന്നും ശുപാര്‍ശയില്‍ പറയുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം എട്ടു മണിയ്ക്കുണ്ടാവുമെന്ന് എന്‍.സി.പി പ്രഖ്യാപിച്ചിട്ടുണ്ട്.
ശിവസേനയുമായി സഖ്യമുണ്ടാക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്നും എന്‍.സി.പി അറിയിച്ചു.