മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വിലക്കില്‍ വിശദീകരണവുമായി ഇടവക. പ്രതികാര നടപടി സ്വീകരിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് ഇടവക വികാരി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വയനാട് കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ച് വികാരി സ്റ്റീഫന്‍ കോട്ടയ്ക്കലിന്റേതാണ് വിശദീകരണം.
സഭാപരമായ വിലക്കുകള്‍ സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഇടവക അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ സുപ്പീരിയറെ അറിയിക്കുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തന്നെ വിലക്കിക്കൊണ്ട് കത്തു നല്‍കിയതായി സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനായിരുന്നു സഭാ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വികാരിയുടെ സന്ദേശം ലഭിച്ചത്. “ഇവിടുത്തെ ഇടവക പ്രവര്‍ത്തനങ്ങളും വേദപാഠ ക്ലാസ്സുകളും ഞാനാണ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്ദേശം ലഭിച്ചത്.” എന്നായിരുന്നു ലൂസി പറഞ്ഞത്.
സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത് ഇടവക വികാരിയാണെന്നായിരുന്നു മാനന്തവാടി രൂപതയുടെ വിശദീകരണം. രൂപതയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ അവകാശവാദം.