ന്യൂദല്‍ഹി: തെലങ്കാനയില്‍ നിയമസഭാ പിരിച്ചുവിട്ടേക്കുമെന്ന സൂചനകള്‍ക്കിടെ കരുനീക്കവുമായി കോണ്‍ഗ്രസ്. പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെയും പിന്നീട് കോടതിയേയും സമീപിച്ചേക്കും.
മുഖ്യമന്ത്രി ചന്ദ്രശേഖരറാവു നിയമസഭ പിരിച്ചുവിടുന്ന തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ അടുത്ത വര്‍ഷം ജനുവരി വരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശിധര്‍ റെഡ്ഢി പറഞ്ഞു.
“ഡിസംബറില്‍ നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. വോട്ടര്‍ പട്ടിക സൂക്ഷ്മപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്.”
അതേസമയം നിയമസഭാ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്ന മന്ത്രിസഭായോഗം ഇന്ന് നടക്കും. തെലങ്കാന സംസ്ഥാനം രൂപീകരിച്ചിട്ട് നാല് വര്‍ഷമായ ഇന്ന് നിര്‍ണായക തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആര്‍.എസ് സര്‍ക്കാരിന് 2019 മേയ് വരെയാണ് കാലാവധിയുള്ളത്. സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയോടെയാണ് നിയമസഭ നേരത്തെ പിരിച്ചു വിടാന്‍ ടി.ആര്‍.എസ് ഒരുങ്ങുന്നത്.
WATCH THIS VIDEO: