|

രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനം; എ.എ.പി കേരള ഘടകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എമ്പുരാന്‍ ടീമിന് ആശംസയറിയിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍ എന്ന കുറിപ്പോട് കൂടിയാണ് ആം ആദ്മിയുടെ പോസ്റ്റ്.

‘പുറം തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ മനസിലാക്കാന്‍ സിനിമ കണ്ടാല്‍ മതി…. പക്ഷെ രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍,’ എന്ന കുറിപ്പോട് കൂടിയാണ് എ.എ.പി പോസ്റ്റ് പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് ആം ആദ്മി കേരള ഘടകത്തിന്റെ പോസ്റ്റ്. നിലവില്‍ എമ്പുരാന്‍ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

എമ്പുരാന്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് ജിഹാദിയാണെന്ന പ്രഖ്യാപനവും സംഘപരിവാര്‍ നടത്തി. ക്ഷണം ലഭിച്ചിട്ടും അയോധ്യയിലെ രാമക്ഷേത്രം മോഹന്‍ലാലിനെ സന്ദര്‍ശിക്കാതിരുന്നത് സുഡാപ്പികളെ പേടിച്ചിട്ടാണെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ എമ്പുരാന്‍ ടീമിനെ പ്രശംസിച്ചുകൊണ്ടുള്ള അന്തരിച്ച സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.

‘ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം, സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍,’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്.

ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പങ്കുവെച്ച ബിനീഷിന്റെ മറ്റൊരു കുറിപ്പും ശ്രദ്ധിക്കപ്പെട്ടു. ‘അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം. സംഘികള്‍ എത്രയൊക്കെ ഹേറ്റ് ക്യാമ്പയിന്‍ നടത്തിയാലും സിനിമ പാന്‍ ഇന്ത്യ ഹിറ്റാണ്. മലബാരി നഹീ ഹേ… ഹിന്ദുസ്ഥാനി ഹേ,’ എന്നാണ് രണ്ടാമത്തെ പോസ്റ്റില്‍ ബിനീഷ് കോടിയേരി പറയുന്നത്.

‘എമ്പുരാന്‍ കണ്ടു. ഒരു പക്കാ പാന്‍ ഇന്ത്യന്‍ മാസ് സിനിമയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഇത്ര പച്ചയ്ക്ക് രാഷ്ട്രീയം പറയാന്‍ ധൈര്യം കാണിച്ച മുരളി ഗോപിക്കും പൃഥ്വിരാജിനുമാണ് ഇന്നത്തെ ആദ്യ കയ്യടി,’ എന്ന എഴുത്തുകാരന്‍ വി.കെ. ജോബിഷിന്റെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

Content Highlight: Congratulations to the Empuran team for informing the entire pan-India community about the real villains of the country; AAP Kerala unit