ഓവല്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച ബംഗ്ലാദേശിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളുമെല്ലാം ബംഗ്ലാദേശിന്റെ പ്രകടനത്തിന് നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്. ഷോയിബ് അക്തര്‍, ആകാശ് ചോപ്ര, മുഹമ്മദ് കൈഫ്, റസല്‍ അര്‍ണോ ള്‍ഡ്, മൈക്കല്‍ വോണ്‍ തുടങ്ങി നിരവധി പേരാണ് ബംഗ്ലാദേശിന് അഭിനന്ദനവുമായെത്തിയത്.
കൂടാതെ ഹര്‍ഷെ ബോഗ്ലേ, ബിഷാന്‍ സിംഗ് ബേഡി അടക്കം നിരവധി ക്രിക്കറ്റ് വിദ്ഗധരും ബംഗ്ലാദേശിന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഷാക്കിബ് അല്‍ ഹസനും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്ന് പോരാട്ട വീര്യം പുറത്തെടുത്തെടുത്ത് നിറഞ്ഞാടി ബംഗ്ലാദേശിന് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ്.
ഇതോടെ ലോകകപ്പില്‍ സൗത്താഫ്രിക്കയെ രണ്ട് തവണ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ ടീം ആയും ബംഗ്ലാദേശ് മാറി.
ഷാക്കിബ് അല്‍ ഹസന്‍ 84 പന്തില്‍ 78 റണ്‍സും മുഷ്ഫിഖുര്‍ റഹിം 80 പന്തില്‍ 78 റണ്‍സും എടുത്ത് പുറത്തായി. 2015 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഞ്ചാം വിക്കറ്റല്‍ മഹ്മദുള്ളയും മുഷ്ഫിഖുര്‍ റഹിം ചേര്‍ന്ന് നേടിയ 141 റണ്‍സായിരുന്നു ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്.
2015ല്‍ പാക്കിസ്ഥാനെതിരെ ധാക്കയില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 329 റണ്‍സിന്റെ റെക്കോര്‍ഡാണ് ലോകകപ്പ് വേദിയില്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ തിരുത്തിയത്. ഈ ലോകകപ്പില്‍ പിറന്ന ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോറു കൂടിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലദേശ് കുറിച്ചത്. പിന്നിലായത് ഉദ്ഘാടന മല്‍സരത്തില്‍ ഇതേ എതിരാളികള്‍ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ട് നേടിയ 311 റണ്‍സ്.
തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരും ഓവലില്‍ കുറിച്ച 60 റണ്‍സ് ബംഗ്ലാദേശിന്റെ ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മഹ്മദുള്ളയും മൊസദെക്ക് ഹൊസൈനും നേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സും റെക്കോഡ് ബുക്കില്‍ ഇടം നേടി. ബംഗ്ലാദേശിന്റെ ലോകകപ്പിലെ മൂന്നാമത്തെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ഓവലില്‍ പടുത്തുയര്‍ത്തിയത്.