| Thursday, 2nd February 2023, 12:15 pm

മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ആഘോഷമാക്കി കോംഗോയിലെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിന്‍ഷാസ: കോംഗോയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ആഘോഷമാക്കി രാജ്യത്തെ എല്‍.ജി.ബി.ടി കമ്മ്യൂണിറ്റി. സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമങ്ങളെ വിമര്‍ശിച്ച് മാര്‍പ്പാപ്പ സംസാരിച്ചതിന് പിന്നാലെയാണ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം എല്‍.ജി.ബി.ടി കമ്മ്യൂണിറ്റി വരവേറ്റത്.

കോംഗോക്ക് ശേഷം മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ദക്ഷിണ സുഡാന്‍ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ ബന്ധങ്ങള്‍ നിയമവിരുദ്ധമോ നിഷിദ്ധമോ ആണ്. ഫെബ്രുവരി 5 വരെയാണ് മാര്‍പ്പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം.

ഇന്റര്‍നാഷണല്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്, ഇന്റര്‍സെക്സ് അസോസിയേഷന്‍ വേള്‍ഡിന്റെ(ILGA വേള്‍ഡ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വവര്‍ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ലോകത്തിലെ 64 രാജ്യങ്ങളില്‍ പകുതിയും ആഫ്രിക്കയിലാണ്.

മാര്‍പ്പാപ്പയുടെ വരവോടെ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്ക് മത നേതാക്കള്‍ക്കിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വവര്‍ഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്ന കത്തോലിക്കാ ബിഷപ്പുമാരോട് എല്‍.ജി.ബി.ടി.ക്യു വിഭാഗത്തില്‍പ്പെട്ട ആളുകളെ സഭയിലേക്ക് സ്വാഗതം ചെയ്യാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു.

”സ്വവര്‍ഗാനുരാഗികളാകുന്നത് ഒരു കുറ്റകൃത്യമല്ല. ദൈവം എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്നു,” എന്നായിരുന്നു മാര്‍പ്പാപ്പ പറഞ്ഞിരുന്നത്.

അതേസമയം, എന്‍ഡോള്‍ വിമാനത്താവളത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയത് മുതല്‍ വലിയ സ്വീകരണമാണ് കോംഗോയില്‍ അദ്ദേഹത്തിന് ലഭിച്ചത്.

കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ മാര്‍പ്പാപ്പ നേതൃത്വം നല്‍കിയ കുര്‍ബാനയില്‍ ഒരു ദശലക്ഷത്തോളം പേര്‍ പങ്കെടുത്തു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച്
സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.

ആഫ്രിക്കയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമാണ് കോംഗോയിലുള്ളത്. എന്നാല്‍ രജ്യത്തുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം 37 വര്‍ഷത്തിലേറെയായി മാര്‍പ്പാപ്പമാര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നല്ല.

Content Highlight: Congo’s LGBT community celebrates Pope’s visit

We use cookies to give you the best possible experience. Learn more