തൃശ്ശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനിക്കു രോഗി ചികിത്സയില്‍ എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യവകുപ്പ്. ദുബായില്‍ നിന്നെത്തിയയാളെ മൂത്രാശയ അണുബാധയ്ക്കാണു ചികിത്സിക്കുന്നത്.
നിലവില്‍ ഇദ്ദേഹത്തിനു കോംഗോ പനി ഇല്ല. ദുബായില്‍ ഈ രോഗമുണ്ടായെങ്കിലും സുഖപ്പെട്ടെന്നാണ് ആശുപത്രിയില്‍ നിന്നു നല്‍കിയ വിശദീകരണം.
സാംപിള്‍ നെഗറ്റീവ് എന്ന പരിശോധനാ ഫലവുമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മൂത്രാശയ അണുബാധയ്ക്ക് ചികിത്സ തേടിയെത്തയപ്പോള്‍ രേഖകളില്‍ കോംഗോ പനി വന്നയാള്‍ എന്നു കണ്ടതോടെ നിയമപരമായി ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കുകയായിരുന്നുവെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാംപിള്‍ വീണ്ടുമെടുത്ത് മണിപ്പാലിലെ ലാബിലേക്ക് തിങ്കളാഴ്ച അയച്ചു. നെഗറ്റീവ് ആണെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കിയശേഷം ആശുപത്രി വിടും. അതുവരെ ഇയളെ ഒറ്റയ്‌ക്കൊരു മുറിയിലാക്കിയിരിക്കുകയാണ്.
ഈ രോഗിയുമായി ഇടപെട്ട ആശുപത്രി ജീവനക്കാരെയും രോഗിയുടെ ബന്ധുക്കളെയും നിരീക്ഷിക്കുന്നുണ്ട്. വായുവിലൂടെ രോഗം പകരില്ല. രക്തത്തിലൂടെയോ സ്രവത്തിലൂടെയോ മാത്രമേ പകരുകയുള്ളു. അതിനാല്‍ ഭയപ്പെടേണ്ട കാര്യങ്ങളില്ലെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.
മൃഗങ്ങളുടെ ചെള്ളില്‍ നിന്നു പകരുന്നതാണ് ഈ പനി. ഇദ്ദേഹം ദുബായില്‍ കശാപ്പുശാലയില്‍ ജോലി ചെയ്തിരുന്നതാണ്. രോഗമില്ല എന്നുറപ്പുവരുത്തിയ ശേഷമേ ദുബായ് വിമാനത്താവളത്തില്‍ നിന്നു കയറ്റിവിട്ടുള്ളുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിയമപരമായി പാലിക്കേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നു എന്നുമാത്രമേയുളളൂവെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു.
പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക്.
WATCH THIS VIDEO: