| Wednesday, 15th May 2024, 8:35 pm

കോണ്‍ഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 15 ശതമാനവും മുസ്‌ലിങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചു; വിദ്വേഷം ആവര്‍ത്തിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ബജറ്റിന്റെ 15 ശതമാനും അവരുടെ ഇഷ്ട വോട്ട് ബാങ്കായ മുസ്‌ലിങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിച്ചെന്നാണ് മോദി പറഞ്ഞത്.

മഹാരാഷ്ട്രയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് മോദിയുടെ വിദ്വേഷ പരാമര്‍ശം. സമുദായ അടിസ്ഥാനത്തില്‍ ബജറ്റ് വിഹിതം പങ്കുവെക്കാനുള്ള നീക്കം ബി.ജെ.പി ഇടപെട്ടാണ് തടഞ്ഞതെന്നും മോദി പറഞ്ഞു.

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും ശ്രമങ്ങളാണ് താന്‍ തുറന്ന് കാട്ടിയത്. തനിക്ക് സ്വന്തം പ്രതിച്ഛായയേക്കാള്‍ പ്രധാനം രാജ്യത്തിന്റെ ഐക്യമാണെന്നും മോദി പറഞ്ഞു.

‘മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞത് രാജ്യത്തെ വിഭവങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കാണ് കൂടുതല്‍ അവകാശമെന്നാണ്. മുസ്‌ലിങ്ങള്‍ക്കായി ബജറ്റിന്റെ 15 ശതമാനം ഫണ്ട് നീക്കിവച്ച് രാജ്യത്തിന്റെ ബജറ്റ് മുസ്‌ലിങ്ങള്‍ക്കെന്നും ഹിന്ദുക്കള്‍ക്കെന്നുമായി വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്,’ മോദി പറഞ്ഞു.

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ ഇതേ പ്രീണന നയമാണ് രാജ്യത്ത് നടപ്പിലാക്കുകയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ സഖ്യവും കോണ്‍ഗ്രസിന്റെ രാജകുമാരനും ചേര്‍ന്ന് മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. കര്‍ണാടകയാണ് അവരുടെ പരീക്ഷണശാലയെന്നും മോദി പറഞ്ഞു.

‘കര്‍ണാടകയില്‍ ഒറ്റരാത്രികൊണ്ടാണ് മുസ്‌ലിങ്ങളെ ഒ.ബി.സി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ പദ്ധതികളെയാണ് ഞാന്‍ തുറന്നുകാട്ടിയത്,’ മോദി പറഞ്ഞു.

Content Highlight: Cong wanted to divide country’s budget into Muslim & Hindu: Modi

We use cookies to give you the best possible experience. Learn more