ന്യൂദൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ടവരുടെ സംവരണം ഇല്ലാതാക്കാൻ കോൺഗ്രസ് ‘ ഷെഹ്‌സാദ ‘ ഗൂഢാലോചന നടത്തിയെന്ന വിവാദ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോലാപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
‘ദളിതരും ഒ.ബി.സികളും ആദിവാസികളും ഒന്നിക്കുന്നതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്. എല്ലാവരും ഒന്നിച്ചാൽ കോൺഗ്രസിൻ്റെ രാജകുടുംബത്തിന് ഒരിക്കലും ഭരിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. ദളിതരും ഒ.ബി.സികളും ആദിവാസികളും തമ്മിൽ തർക്കിക്കുന്നത് കാണാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു, ‘മോദി ആരോപിച്ചു.
ഝാർഖണ്ഡിലെ നുഴഞ്ഞുകയറ്റം ഒരു പ്രധാന ആശങ്കയാണെന്നും അതിനാൽ സന്താൽ പർഗാനയിലെ ആദിവാസി ജനസംഖ്യ പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും ഈ പ്രവണത അനിയന്ത്രിതമായി തുടർന്നാൽ അത് സംസ്ഥാനത്തിൻ്റെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കുമെന്നും മോദി അവകാശപ്പെട്ടു.
എയർകണ്ടീഷൻ ചെയ്ത മുറികളിൽ ഇരുന്ന് കണക്കുകൂട്ടലുകൾ നടത്തുന്നവർ റാലികളിൽ പങ്കെടുക്കുന്ന വൻ ജനക്കൂട്ടത്തെ കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഝാർഖണ്ഡിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും മോദി പറഞ്ഞു.