| Tuesday, 17th November 2020, 6:02 pm

സിബലിന്റെ ആക്ഷേപം ഇന്നത്തെ കോണ്‍ഗ്രസ് യോഗം ചര്‍ച്ചക്കെടുക്കില്ല; പാര്‍ട്ടി നിലപാടില്‍ നേതാക്കള്‍ക്കിടയിലും അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറിലും ഉത്തര്‍ പ്രദേശിലും ബി.ജെ.പിയ്ക്ക് ഒരു ബദലാവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വിമര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉപദേശക സമിതി യോഗം വിളിച്ചിരിക്കുകയാണ്.

സംഘടനാപരമായ കാര്യങ്ങളില്‍ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി ഓഗസ്റ്റില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയിലുള്ള അഹമ്മദ് പട്ടേല്‍, കെ.സി.വേണുഗോപാല്‍, എ.കെ.ആന്റണി, അംബിക സോണി, മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ട്ടിയിലെ തന്നെ 23 നേതാക്കള്‍ നേതൃത്വത്തെ വിമര്‍ശിച്ച് കത്തയച്ചതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരായ ആക്ഷേപം പരിശോധിക്കാന്‍ സോണിയ പ്രത്യേക പാനലിനെ നിയോഗിച്ചത്.

അതേസമയം സിബലിന്റെ അഭിപ്രായ പ്രകടനം വന്ന് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ ഒരു പ്രതികരണം നടത്താന്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച വൈകീട്ടോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സിബലിന്റെ പരാമര്‍ശനത്തിതിരെ രംഗത്തെത്തി.

സിബലിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ ട്വീറ്റ്. ബി.ജെ.പിയുടെ ഏക ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും ഗെഹ്‌ലോട്ട് വാദിച്ചു.

എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നാണ് ചില നേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നത്. സിബലിന്റെ പ്രസ്താവനക്കെതിരെ പരസ്യ വിമര്‍ശനവുമായി നേതാക്കളാരും രംഗത്തെത്തതും അതിനാലാണെന്നാണ് സൂചനകള്‍.

മാത്രമല്ല ബീഹാറില്‍ കനത്ത പരാജയം ഏറ്റിട്ടും ഒരു യോഗം വിളിക്കാനോ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്ത കോണ്‍ഗ്രസിന്റെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രസക്തിയില്ലാതെയായെന്ന് സിബല്‍ തുറന്നടിച്ചിരുന്നു.

ബീഹാറിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിവിധ ഉപതെരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സിബലിന്റെ വിമര്‍ശനം.

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും നേതൃത്വം ഇതില്‍ ആത്മപരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ബീഹാറില്‍ ഒരു ബദലാവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്ട്രീയ ബദലാവാന്‍ കഴിയുന്നില്ലെന്നും ഗുജറാത്തില്‍ പോലും അത് സാധിക്കുന്നില്ലെന്നും സിബല്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിക്കകത്ത് പ്രതികരിക്കാന്‍ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കിയതെന്നായിരുന്നു നേരത്തെ നേതൃത്വത്തിന് കത്തയച്ച സംഭവത്തില്‍ സിബല്‍ പറഞ്ഞത്.

സംഘടനാപരമായി കോണ്‍ഗ്രസിന് സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അതിന്റെ ഉത്തരവും എല്ലാവര്‍ക്കും അറിയാമെന്നും സിബല്‍ തുറന്നടിച്ചിട്ടുണ്ട്.

ബീഹാറിലെയും വിവിധ ഉപതെരഞ്ഞെടുപ്പുകളിലെയും തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്ന് അടക്കം സിബല്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിഹാറടക്കമുള്ള വിഷയങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യില്ലെന്നും പ്രാദേശിക സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമാണിതെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കാത്തതിനാലാണ് ബിഹാറുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തേണ്ടതില്ലെന്ന തീരുമാനമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം സിബല്‍ ഉന്നയിച്ച വിഷയം ചര്‍ക്കെടുക്കാത്ത കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:Sonia Calls Special Panel Meet Over Sibal’s ‘Introspection’

We use cookies to give you the best possible experience. Learn more