| Wednesday, 1st November 2023, 10:41 pm

മോദിയെ പുകഴ്ത്തൽ, തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥന; ഇൻഡിഗോ എയർലൈൻസ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ജയറാം രമേശ്‌

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദൽഹി: സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്‌ നേതാവ് ജയറാം രമേശ്‌.

കമ്പനിയുടെ രണ്ട് ഫ്ലൈറ്റുകളിൽ അനൗൺസ്മെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ഉടൻ തന്നെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി ജയറാം രമേശ്‌ തന്റെ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് അനൗൺസ്മെന്റിൽ പരാമർശിച്ചിരുന്നില്ലെന്നും ഇത് വ്യക്തമായും മാതൃകാ പെരുമാറ്റ ചട്ട ലംഘനമാണെന്നും ജയറാം രമേശ്‌ ആരോപിച്ചു.

‘കഴിഞ്ഞ ആഴ്ച ഞാൻ ഐസ്വാളിലേക്കും തിരിച്ച് ദൽഹിയിലേക്കും ഇൻഡിഗോ ഫ്ലൈറ്റിൽ യാത്ര ചെയ്തിരുന്നു. രണ്ട് തവണയും ക്യാബിൻ ക്ര്യൂ നടത്തിയ അനൗൺസ്മെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപ്രസക്തമായ കാര്യങ്ങൾക്ക്, നിത്യവുമെന്ന പോലെ പ്രകീർത്തിക്കുകയുണ്ടായി.

ഈ അനൗൺസ്‌മെന്റുകളിലൊന്ന് പെട്ടെന്ന് തന്നെ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഈ അനൗൺസ്‌മെന്റിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പരാമർശിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്,’ ജയറാം രമേശ്‌ എക്‌സിൽ പറഞ്ഞു.

ഇതുവരെ ഒരു പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ ഇത്രയും പോയിട്ടില്ലെന്നും നരേന്ദ്ര മോദിയുടെ അപകർഷതാബോധത്തിനും വിമാന കമ്പനിയുടെ നട്ടെല്ലില്ലായ്മക്കും പരിധിയില്ലെന്നും രമേശ്‌ പറഞ്ഞു.

നവംബറിൽ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒക്ടോബർ ഒമ്പതിനാണ് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ അഞ്ചിനാണ് വോട്ടെണ്ണൽ.

Content Highlight: Cong’s Jairam Ramesh alleges poll code violation by airline in announcements by cabin crew

We use cookies to give you the best possible experience. Learn more