| Saturday, 24th August 2024, 12:25 pm

സ്‌കൂൾ-കോളേജുകളിൽ ജന്മാഷ്ടമി ആഘോഷിക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് സർക്കാർ; വിമർശനവുമായി കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാനുള്ള സർക്കാരിൻ്റെ ഉത്തരവിനെതിരെ മധ്യപ്രദേശ് കോൺഗ്രസ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനകേന്ദ്രമാണെന്നും പഠനത്തിന് മാത്രമായി അത് നിലനിർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

ആഗസ്റ്റ് 26 ന് കൃഷ്ണ ജന്മാഷ്ടമി ദിനമാണ്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്ന് എല്ലാ ഡിവിഷണൽ കമ്മീഷണർമാരെയും ജില്ലാ കളക്ടർമാരെയും അഭിസംബോധന ചെയ്ത് മധ്യപ്രദേശ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ എല്ലാ സർക്കാർ, സർക്കാരിതര സ്‌കൂളുകളിലും കോളേജുകളിലും ഭഗവാൻ ശ്രീകൃഷ്ണൻ്റെ വിദ്യാഭ്യാസം, സൗഹൃദം, ജീവിത ദർശനം എന്നിവയെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് എന്തിനെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് വിമർശിച്ചു.

‘വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കാൻ ഈ സർക്കാർ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനും നല്ല അന്തരീക്ഷത്തിനും വേണ്ടിയുള്ളതാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും അവർ ആഗ്രഹിക്കുന്ന രീതിയിൽ ആഘോഷിക്കുന്ന മതപരമായ ചടങ്ങുകൾക്ക് അവധിയുണ്ട്. അടുത്തിടെ ഞങ്ങൾ രാഖി ആഘോഷിച്ചു, ഞങ്ങളും ജന്മാഷ്ടമിയുടെ പല പരിപാടികളിലും പങ്കെടുക്കുന്നു, പക്ഷേ നിങ്ങൾ ജന്മാഷ്ടമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കുന്നു. മറുവശത്ത് നിങ്ങൾ മദ്രസകൾക്ക് നേരെ വിരൽ ചൂണ്ടുന്നു. ഇതിന്റെയൊക്കെ അർത്ഥമെന്താണ്,’ അദ്ദേഹം ചോദിച്ചു.

രാജ്യത്തിന് ഒരു ഭരണഘടനയുണ്ടെന്നും ഈ രാജ്യം ആ ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിക്കുക. അല്ലാതെ ഗോഡ്‌സെയുടെ താത്പര്യങ്ങൾക്ക് അനുസൃതമായല്ല അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകൾ നടത്തിയാൽ അതിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടാകും. എന്നാൽ അത് വ്യക്തികൾക്കോ ഏതെങ്കിലും മതത്തിനോ എതിരെയല്ല മറിച്ച് മതം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം,’ അദ്ദേഹം പറഞ്ഞു.

Content Highlight: Cong opposes MP govt’s order to celebrate Janmashtami in school-colleges

We use cookies to give you the best possible experience. Learn more