മുംബൈ: മഹാരാഷ്ട്ര യില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ ബി.ജെ.പി നേതാവ് നാനാ പട്ടോളും. നാഗ്പൂരില്‍ ആര്‍.എസ്.എസിന്റെ തട്ടകത്തില്‍ നിതിന്‍ ഗഡ്കരിയ്‌ക്കെതിരെയാണ് പട്ടോളിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.
2014ല്‍ കേന്ദ്രമന്ത്രിയായ വിലാസ് മുത്ത്വംവറെയെ പരാജയപ്പെടുത്തിയാണ് നിതിന്‍ ഗഡ്കരി ജയിച്ചിരുന്നത്. നാഗ്പൂരില്‍ തുടര്‍ച്ചയായി ഏഴു തവണ ജയിച്ചയാളായിരുന്നു മുത്ത്വംവര്‍. എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ച് നാനാ പട്ടോളും കഴിഞ്ഞ തവണ എം.പിയായിരുന്നു.
2017ല്‍ ലോക്‌സഭയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും രാജിവെച്ച പട്ടോള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
അഞ്ചംഗം സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇത്തവണ മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും മുന്‍ കേന്ദ്രമന്ത്രിമാരായ മിലിന്ദ് ദിയോറ, പ്രിയ ദത്ത എന്നിവരും മത്സരിക്കുന്നുണ്ട്. മുംബൈ സൗത്തില്‍ നിന്നും മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നുമാണ് ഇരുവരും മത്സരിക്കുന്നത്.