ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരി സര്‍ക്കാര്‍ പരാജയപ്പെട്ടു. കുറച്ചുസമയത്തിനകം മുഖ്യമന്ത്രി നാരായണസാമി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജനെ കാണും. രാജി സംബന്ധിച്ച കാര്യം സംസാരിക്കാനാണ് കൂടിക്കാഴ്ച.
വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ ഇന്നലെ രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങിയത്.
കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനുമാണ് രാജി വെച്ചത്.
മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
ആകെ 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുണ്ടായിരുന്നത്.
പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
Content Highlights: Cong-DMK Govt Loses Majority in Puducherry, Members Stage Walkout