| Friday, 6th December 2019, 11:29 pm

'സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ബി.ജെപിയുടെ പ്രത്യയശാസ്ത്രം'; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ലൈംഗികാക്രമണം അതിജീവിച്ച പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ജീവനോടെ തീകൊളുത്തിയ സംഭവത്തില്‍ എന്തുകൊണ്ട്  നരേന്ദ്ര മോദി പ്രതികരിക്കുന്നില്ല എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രാഗിണി നായിക് മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിയുടെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് ഇപ്പോള്‍ തങ്ങളുടെ പെണ്‍മക്കളെ ബി.ജെ.പി നേതാക്കളില്‍ നിന്ന് രക്ഷിക്കേണ്ടതുണ്ടെന്നാണ് ആളുകള്‍ പറയുന്നതെന്നാണ് അവര്‍ പറഞ്ഞത്.

കുല്‍ദീപ് സിംഗ് സെംഗാറിനെപ്പോലുള്ളവര്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷണം നല്‍കിയിരുന്നില്ലെങ്കില്‍ മറ്റൊരു മകളെ ചുട്ടുകൊല്ലാന്‍ ഉന്നാവോ കുറ്റവാളികള്‍ക്ക് ധൈര്യം ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

” സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. സ്ത്രീകള്‍ക്ക് എതിരായ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രമാണ് ഇതിന് കാരണം”എന്ന് അവര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി എന്ത് അവകാശവാദം ഉന്നയിച്ചാലും സ്ത്രീകള്‍ പരിഭ്രാന്തിയിലാണെന്നതാണ് അടിസ്ഥാന യാഥാര്‍ത്ഥ്യം എന്ന് കോണ്‍ഗ്രസ് എം.പി അമീ യജ്‌നിക് പറഞ്ഞു.

‘പ്രധാനമന്ത്രി വിവിധ വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഉന്നാവോയെക്കുറിച്ച് അദ്ദേഹം ഒരു പ്രസ്താവനയും നല്‍കിയില്ല. വനിതാ ശിശു വികസന മന്ത്രി ഒരു പ്രസ്താവനയും നടത്തിയില്ല. ആഭ്യന്തരമന്ത്രി ഒരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ?- അവര്‍ ചോദിച്ചു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതിയുടെ നില അതീവ ഗുരുതര നിയില്‍ തുടുകയാണ്. യുവതി ഇപ്പോള്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ ഇന്നലെ രാത്രിയായിരുന്നു വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ചത്.

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴി യുവതിയെ തട്ടികൊണ്ടുപോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി സംഭവം പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

We use cookies to give you the best possible experience. Learn more