കൊച്ചി: മലയാള സിനിമതാരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. നടിയെ ആക്രമിച്ച കേസില്‍ അമ്മയുടെ നിലപാടിനെതിരെ രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിനും നടി രമ്യാ നമ്പീശനുമെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ മാസം 24ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളുവെന്നും ഇപ്പോള്‍ പുറത്ത് വരുന്നത് ഊഹങ്ങള്‍ മാത്രമാണെന്നും അമ്മയുടെ അടുത്ത വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഈ മാസം അവസാനത്തോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.പിയും നടനുമായ ഇന്നസെന്റ് ഒഴിയുകയാണ്. അതേസമയം തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് നേരത്തേ പറഞ്ഞിരുന്നു. സിനിമാമേഖലയില്‍ തന്നെക്കാള്‍ മികച്ച ആള്‍ക്കാരുണ്ടെന്നും. അവര്‍ മത്സരിക്കട്ടെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയും ഈ സ്ഥാനമൊഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.