രാജ്യസഭ സീറ്റിനായി കേരള കോണ്‍ഗ്രസിനുള്ളിലും ഭിന്നത; തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ജോസഫ് ഗ്രൂപ്പ്
Kerala
രാജ്യസഭ സീറ്റിനായി കേരള കോണ്‍ഗ്രസിനുള്ളിലും ഭിന്നത; തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ജോസഫ് ഗ്രൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th June 2018, 9:45 am

തിരുവനന്തപുരം: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സീറ്റിനായി അവകാശം ഉന്നയിച്ച് ജോസഫ് ഗ്രൂപ്പും രംഗത്തെത്താന്‍ സാധ്യത. ഇന്ന് ചേരുന്ന കേരളകോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി യോഗത്തില്‍ സീറ്റിനായി അവകാശമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ജനറല്‍ സെക്രട്ടറിയായ ഡി.കെ ജോണിനെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞിട്ടുണ്ട്. മാണിയെ തിരികെ കൊണ്ടുവരുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളൊന്നും ഇതേവരെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല.


ALSO READ: പ്രതിഷേധം തെരുവിലേക്കും; കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)


അതുകൊണ്ടു കൂടിയാണ് പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനു മുമ്പ് കോണ്‍ഗ്രസിന്റെ പൊതു വികാരം മാനിക്കേണ്ടതായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം തുടരുകയാണ്.

പാര്‍ട്ടി സമിതികള്‍ കൂടിയാലോചിച്ചാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.