കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംസാരിക്കാനുള്ള അസുലഭ അവസരം കഴിഞ്ഞ ദിവസം ഐ.എസ്.എല്‍ അധികൃതര്‍ ഒരുക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇതിനുള്ള അവസരം ഒരുക്കിയിരുന്നത്. എന്നാല്‍ ഐ.എസ്.എല്‍ അധികൃതര്‍ക്കിടയിലെ ആശയക്കുഴപ്പം ആരാധകര്‍ക്കും താരത്തിനും നിരാശയാണ് സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം ജംഷഡ്പൂര്‍ എഫ്.സിയുമായുള്ള മത്സരത്തിന് ശേഷമായിരുന്നു ഐ.എസ്.എല്ലിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ താരവുമായി സംവദിക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയത്. തങ്ങളുടെ പ്രിയതാരവുമായി സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ആരാധകര്‍ ആവേശത്തോടെ തയ്യാറെടുക്കുകയും ചെയ്തു.
എന്നാല്‍ മത്സരശേഷം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഹ്യൂമേട്ടന്‍. അതുകൊണ്ട് ആരാധകരുമായി സംസാരിക്കാന്‍ താരത്തിന് സാധിച്ചില്ല. പോരാത്തതിന് ഇങ്ങനെയൊരു ചാറ്റിനെ കുറിച്ച് തന്നോട് ഐ.എസ്.എല്‍ അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും ഹ്യൂമേട്ടന്‍ പറയുന്നു. എന്നാല്‍ ആരാധകരുമായി സംസാരിക്കാന്‍ തനിക്ക് അതിയായ താല്‍പര്യമുണ്ടെന്നും ഹ്യൂം പറഞ്ഞു. ടീമിലെ മറ്റ് താരങ്ങള്‍ക്കൊപ്പം വിമാനയാത്രയിലായിരുന്നു ഹ്യൂമേട്ടനും. അധികൃതരോട് കുറച്ച് കൂടി വ്യക്തമായ പ്ലാനിംഗ് വേണമെന്നും ഹ്യൂമേട്ടന്‍ പറഞ്ഞു.
ഞായറാഴ്ച്ചയാണ് ബ്ലാസ്റ്റേഴ്‌സും എഫ്.സി ഗോവയുമായുള്ള നിര്‍ണ്ണായക മത്സരം. കൊച്ചിയിലാണ് മത്സരം എന്നത് ബ്ലാസ്‌റ്റേഴ്‌സിനു അനുകൂലമാണ്. അതേസമയം, എവേ മത്സരത്തില്‍ തിളങ്ങിയ ഹ്യൂമേട്ടന്‍ മുറ്റത്തെ മത്സരത്തില്‍ ഗോളടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.