വാഷിങ്ടൺ: ഗസയിലെ മാരകമായ കൂട്ടക്കുരുതി പത്താം മാസവും തുടരവേ ഇസ്രഈലിന് കൂടുതൽ സൈനിക സഹായം നൽകാനൊരുങ്ങി യു.എസ്. ഇസ്രഈലിന് സൈനിക സഹായം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം കോൺഗ്രസ്സിനെ അറിയിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഏപ്രിലിൽ ഇസ്രഈലിന് 14 .5 ബില്യൺ ഡോളറിന്റെ സൈനിക സഹായം യു.എസ് അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് പുതിയ സഹായ വാഗ്ദാനം.
വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇസ്രഈൽ സൈനിക യുണിറ്റിനാണ് പുതുതായി പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഒരു ഭാഗം നൽകുക എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വെസ്റ്റ്ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രഈലി സൈനിക വിഭാഗമായ യെഹൂദാ ബെറ്റാലിയനാണിത്.
വെസ്റ്റ് ബാങ്കിലും ഗസയിലെ ഇസ്രഈലി പട്ടാള ബറ്റാലിയൻ അതി ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വ്യക്തമാക്കിയിട്ടും സഹായം വർധിപ്പിക്കാനൊരുങ്ങുകയാണ് യു.എസ്.
എന്നാൽ യെഹൂദാ ബെറ്റാലിയന് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. ബൈഡൻ സർക്കാരിന്റെ ഈ നയത്തിൽ തങ്ങൾ അസംതൃപ്തരാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. അതോടൊപ്പം യു.എസ് പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങൾ വരെ യെഹൂദാ ബെറ്റാലിയന് സഹായം നൽകുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
യെഹൂദാ ബെറ്റാലിയൻ ഫലസ്തീനികൾക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ഏപ്രിലിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. എന്നാൽ യെഹൂദാ ബെറ്റാലിയന് തങ്ങളുടെ തെറ്റ് തിരുത്താനുള്ള അവസരം നൽകുകയാണെന്നാണ് ഇപ്പോൾ ബ്ലിങ്കൻ പറയുന്നത്.
ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ സൈന്യം നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
വീടുകൾക്കും ആശുപത്രികൾക്കും സ്കൂൾ ഷെൽട്ടറുകൾക്കും നേരെയുള്ള ആക്രമണങ്ങളിൽ നിരവധി സിവിലിയന്മാരെ ഇസ്രഈലി പട്ടാളം കൊന്നൊടുക്കി. സാധാരണക്കാരായ ജനങ്ങളെ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചു. ഫലസ്തീനിലേക്കെത്തുന്ന ഭക്ഷണം,വെള്ളം, മെഡിക്കൽ ആവശ്യവസ്തുക്കൾ എന്നിവ നശിപ്പിക്കൽ തുടങ്ങി നിരവധി ക്രൂരതകളാണ് ഇസ്രഈലി പട്ടാളം ഗസയിലെ സാധാരണക്കാരോട് ചെയ്തത്.
ഏറ്റവുമൊടുവിൽ, 10 ഇസ്രഈൽ സൈനികർ ചേർന്ന് തടങ്കലിൽ വെച്ച് ഫലസ്തീൻ തടവുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഇസ്രഈലി പട്ടാളക്കാർ തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു.
Content Highlight: Conflict US to send $3.5bn military aid to Israel amid ongoing genocide in Gaza: Dept of State