സംഘര്‍ഷം ആര്‍ക്കും ഗുണം ചെയ്യില്ല: ഇസ്രാഈല്‍ - ഫലസ്തീന്‍ വിഷയത്തില്‍ നരേന്ദ്ര മോദി
India
സംഘര്‍ഷം ആര്‍ക്കും ഗുണം ചെയ്യില്ല: ഇസ്രാഈല്‍ - ഫലസ്തീന്‍ വിഷയത്തില്‍ നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 8:15 pm

ന്യൂദല്‍ഹി: ലോകം ഇന്ന് അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളും കലാപങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജിക്കപ്പെട്ട ജനങ്ങള്‍ക്ക് ഭാവിയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല. ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാക്കണമെന്ന് ദല്‍ഹിയില്‍ നടക്കുന്ന ഒമ്പതാമത് ജി20 പാര്‍ലമെന്ററി സ്പീക്കേര്‍സ് ഉച്ചകോടി (പി20) യെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

വികസനത്തിനും ക്ഷേമത്തിനും വേണ്ടി എല്ലാവരും മുന്നോട്ട് പോവണം. കൂടാതെ രാജ്യങ്ങള്‍ കേന്ദ്രികൃതമായ സമീപനത്തിലൂടെ മുന്നോട്ട് നീങ്ങണമെന്നും ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ മോദി പ്രതികരിച്ചു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദികളുടെ ആക്രമണങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന പ്രശ്‌നമാണ്. നിരപരാധികളായ ഇന്ത്യന്‍ പൗരന്മാരെയും സൈനികരെയും തീവ്രവാദികള്‍ കൊന്നൊടുക്കി. 20 വര്‍ഷങ്ങള്‍ക്ക് മുന്നേ പഴയ പാര്‍ലമെന്റിനെ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. തീവ്രവാദികള്‍ ഇന്ത്യന്‍ എം.പിമാരെ ബന്ദിയാക്കാനും കൊല്ലാനും ആഗ്രഹിച്ചിരുന്നു. ആ സമയം പാര്‍ലമെന്റ് സമ്മേളനം നടക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ ഒട്ടനവധി വെല്ലുവിളികള്‍ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു.

.’തീവ്രവാദം ലോകത്തിന് എത്രമാത്രം വെല്ലുവിളി ആണെന്ന് ഇപ്പോള്‍ ലോകം മനസ്സിലാക്കുന്നുണ്ട്. അത് ഏത് രൂപത്തിലാണെങ്കിലും മനുഷ്യത്വത്തിന് എതിരാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഭീകരതയെ നേരിടുന്നതില്‍ കടുത്ത സമീപനം സ്വീകരിക്കേണ്ടി വരും. യു.എന്നില്‍ തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം ഒരു സമവായത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ മനുഷ്യരാശിയുടെ ശത്രുക്കള്‍ അവസരം മുതലെടുക്കുന്നു’, മോദി പറഞ്ഞു.

‘വെല്ലുവിളികളെ നേരിടാന്‍ പൊതുജന പങ്കാളിത്തമാണ് വേണ്ടത്. ഭൂരിപക്ഷ താല്പര്യത്തോടെ രൂപീകരിക്കപ്പെടുന്ന സര്‍ക്കാര്‍ സമവായത്തിലൂടെ ക്ഷേമവും വികസനവും സാധ്യമാക്കണം’, ഉച്ചകോടിയില്‍ മോദി പറഞ്ഞു.

 

Content Highlight: Conflicts don’t benefit anyone: Narendra Modi speaks about Israel – Palestine