|

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധികളോട് ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് രമ്യമായി തീര്‍ക്കണമെന്ന് ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധികളോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണത്തെ ബാധിക്കുന്ന തരത്തില്‍ തര്‍ക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകരുതെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ കെ.എം ചന്ദ്രശേഖരനെ കാണണമെന്നും മുഖ്യമന്ത്രി അസോസിയേഷന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

അതേസമയം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ രാജുനാരായണസ്വാമിയും കെ. സുരേഷ്‌കുമാറും ചീഫ് സെക്രട്ടറിക്കെതിരായ പരാതി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇത് മധ്യസ്ഥനോട് പറഞ്ഞ് പരിഹരിക്കപ്പെടേണ്ട വിഷയമല്ലെന്നാണ് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ ഇത് പറഞ്ഞ് പരിഹരിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി  പറഞ്ഞത്.

രാജു നാരായണസ്വാമിക്കെതിരായ അന്വേഷണവും അസോസിയേഷന്‍ ഉയര്‍ത്തിയെങ്കിലും അതില്‍ ആശങ്കപ്പെടേണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. രഹസ്യവിവര റിപ്പോര്‍ട്ട് കൊടുക്കേണ്ടത് ആര്‍ക്കാണെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ഐ.എ.എസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ടോംജോസ്, പ്രശാന്ത്, കെ സുരേഷ്‌കുമാര്‍, രാജുനാരായണസ്വാമി, ബി അശോക്. ആശാ എന്നിവര്‍ പങ്കടുത്തു. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷനെതിരെ ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഐ.എ.എസുകാര്‍ക്കിടയിലെ ചേരിപ്പോര് രൂക്ഷമായത്.