|

പാര്‍ലമെന്ററി മോഹങ്ങള്‍ പൂവണിയാനുള്ള പൊറാട്ട് നാടകങ്ങളല്ല സമരങ്ങള്‍: എസ്.എഫ്.ഐയ്‌ക്കെതിരായ സമരത്തില്‍ കെ.എസ്.യു നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എം.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐയുടെ അതിക്രമത്തിനെതിരായ സമരത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ ഭിന്നത. യു.ഡി.എസ്.എഫ് എന്ന നിലയില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് നിന്ന് സമരവും പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നതില്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ ഭാഗമായ എം.എസ്.എഫ് ആരോപിക്കുന്നത്.

കെ.എസ്.യുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് എം.എസ്.എഫ് നേതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നത്. കെ.എസ്.യു സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ടുപോകുകയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി സമരത്തെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍ ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നു. അഭിജിത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഷെബീറിന്റെ വിമര്‍ശനം.

‘കാലങ്ങളായി ക്യാമ്പസ്സുകളില്‍ എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണവും നീതിനിഷേധവും എസ്.എഫ്.ഐ യെ നെഞ്ചിലേറ്റിയ വിദ്യാര്‍ത്ഥികളിലേയ്ക്ക് കൂടി പടരുകയാണ്. ഇനിയും അനുവദിച്ച് കൂടാനാകാത്ത ഈ അരാഷ്ട്രീയത്തിനെതിരെ ആത്മാര്‍ത്ഥമായ പോരാട്ടമാണ് അനിവാര്യം. അല്ലാതെ പാര്‍ലിമെന്റ് മോഹങ്ങള്‍ പൂവണിയുവാനുള്ള പൊറാട്ട് നാടകങ്ങളല്ല.അങ്ങനെയുള്ള ഒറ്റയാള്‍ കാട്ടി കൂട്ടലുകളോട് സമരസപ്പെടാനും പിന്തുണനല്‍കാനും തല്‍ക്കാലം സമയവും സൗകര്യവുമില്ല.’

കഴിഞ്ഞദിവസം കെ.എസ്.യു പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഷെബീറിന്റെ വിമര്‍ശനം. ‘സ്വന്തം സംഘടനയുടെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കുന്ന പഠിപ്പു മുടക്കല്‍ സമരങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉപേക്ഷിക്കേണ്ടതാണ്.’ എന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ മറ്റ് കോളജുകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കെ.എസ്.യു പരാജയപ്പെട്ടെന്നും എം.എസ്.എസ് നേതാക്കള്‍ ആരോപിക്കുന്നു. തിരുവനന്തപുരത്ത് മാത്രം സമരം കേന്ദ്രീകരിക്കുകയല്ല വേണ്ടത്. മറ്റ് ക്യാമ്പസുകളിലും ഈ പ്രക്ഷോഭം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എം.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു.

ഇതിനു കാരണമായി ഇവര്‍ പറയുന്നത് ക്യാമ്പസുകളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്ന കാര്യമാണ്. ആസമയത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ഇപ്പോള്‍ എസ്.എഫ്.ഐയ്‌ക്കെതിരെ നടക്കുന്ന സമരത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന ആശങ്ക എം.എസ്.എഫ് മുന്നോട്ടുവെക്കുന്നുണ്ട്.

‘യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിനുശേഷം കെ.എസ്.യുവും എം.എസ്.എഫും സ്വന്തം നിലയ്ക്ക് വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ യോജിച്ചുകൊണ്ടുള്ള ഒരു പ്രക്ഷോഭ പരിപാടി ഉണ്ടായിട്ടില്ല എന്നാണ് എം.എസ്.എഫിന്റെ അഭിപ്രായം.’ എന്നാണ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി ന്യൂസ് 18യോട് പ്രതികരിച്ചത്.

അഭിജിത്തിനെതിരായ ഷെബീറിന്റെ വിമര്‍ശനങ്ങളെ തള്ളാന്‍ വിസമ്മതിച്ച അദ്ദേഹം ഷെബീറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

Latest Stories