| Tuesday, 21st August 2012, 10:29 am

നെല്ലിയാമ്പതി: യു.ഡി.എഫിലെ പോര് പാരമ്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നു. ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ ഉപസമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഇതിനെ പരസ്യമായി ഖണ്ഡിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തുവരികയും ചെയ്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വി.ഡി സതീശന്റെയും എം.എം ഹസന്റെയും ഗ്രീന്‍ പൊളിറ്റിക്‌സിനെ വിമര്‍ശിച്ച് ഉപസമിതിയുടെ മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍ രംഗത്തെത്തുകയും ചെയ്തതോടെ തര്‍ക്കം കൊഴുക്കുകയാണ്.[]

യു.ഡി.എഫ് നിയോഗിച്ച് പി.സി ജോര്‍ജ് അംഗമായ എം.എം ഹസന്റെ അധ്യക്ഷതയിലുള്ള ഉപസമിതിക്ക് വിശ്വാസ്യതയില്ലെന്ന് പറഞ്ഞാണ് ടി.എന്‍ പ്രതാപനും വി.ഡി സതീശനുമുള്‍പ്പെടെയുള്ള ആറ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. ഇതില്‍ പ്രതിഷേധിച്ച് എം.എം ഹസന്‍ ഉപസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

സന്ദര്‍ശനശേഷം എം.എല്‍.എമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞായറാഴ്ച ഉപസമിതി കണ്‍വീനര്‍ എ.എന്‍ രാജന്‍ ബാബുവിന് കൈമാറിയിരുന്നു. ഈ മാസം 24ന് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് ഉപസമിതി മുമ്പാകെ റിപ്പോര്‍ട്ട് വെക്കുമെന്ന് രാജന്‍ ബാബു അറിയിക്കുകയും ചെയ്തിരുന്നു. ടി.എന്‍ പ്രതാപന്‍, വി.ഡി സതീശന്‍, ഹൈബി ഈഡന്‍, എം.വി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ ഏറണാകുളത്ത് എത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ പെട്ട ചെറുനെല്ലി എസ്റ്റേറ്റും സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കപ്പെട്ട മറ്റ് എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എം.എല്‍.എമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പശ്ചിമഘട്ട മലനിരകളില്‍ പെട്ട നെല്ലിയാമ്പതിയിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം. എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കം നിയമപ്രശ്‌നം മാത്രമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള നിയമങ്ങളും ഇതുവരെ ഉണ്ടായിട്ടുള്ള സുപ്രീംകോടതി ഹൈക്കോടതി വിധികളും സര്‍ക്കാറിന് അനുകൂലമാണ്. അതിനാല്‍ സര്‍ക്കാറിന്റെ വാദമുഖങ്ങള്‍ ഫലപ്രദമായി കോടതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

നെല്ലിയാമ്പതിയിലെ കയ്യേറ്റഭൂമി ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട എം.എല്‍.എമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നെല്ലിയാമ്പതി എകസ്റ്റേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന വനംമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിലപാടിനെ പിന്തുണക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എം.എല്‍.എമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ അവരുടെ വാദഗതികളെ ഖണ്ഡിച്ച് ഏറണാകുളം പ്രസ് ക്ലബ്ബില്‍ പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തുകയുണ്ടായി. വയനാട്ടിലെയും ഹാരിസണ്‍ ടാറ്റ കയ്യേറ്റങ്ങളും ചില മാന്യന്മാര്‍ കാണുന്നില്ലെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആക്ഷേപം.

നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റ് വനഭൂമിയാണെന്ന എം.എല്‍.എമാരുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ് എസ്‌റ്റേറ്റ് കൃഷിഭൂമി തന്നെയാണെന്ന് അവകാശപ്പെട്ടു. സര്‍വേയിങ് ജനറല്‍ ഓഫ് ഇന്ത്യയുടെ രേഖകളില്‍ ഈ സ്ഥലത്ത് റബ്ബര്‍ കൃഷിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ രേഖയില്‍ 1933 മുതല്‍ ഇവിടെ റബ്ബര്‍ കൃഷിയുണ്ടായിരുന്നെന്ന് രേഖകളുടെ പകര്‍പ്പുകളും ചെറുനെല്ലി എസ്‌റ്റേറ്റ് ഭാഗങ്ങളാക്കി കൈമാറ്റം ചെയ്തതില്‍ തെറ്റില്ലെന്ന് കാണിച്ച് 1992 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും പി.സി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

ചെറുനെല്ലി എസ്‌റ്റേറ്റിനുവേണ്ടി മാത്രമാണ് താന്‍ കത്തുനല്‍കിയതെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫ്. എം.എല്‍.എമാരുടെവാദം തെറ്റാണെന്നും പി.സി.ജോര്‍ജ് വാദിച്ചു.

നെല്ലിയാമ്പതി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഗണേഷ്‌കുമാറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരും ചില സിനിമാക്കാരും ഇത്തരത്തില്‍ തമിഴ്‌നാടില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പണം വാങ്ങിയവരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ പി.സി ജോര്‍ജിന് മറുപടിയുമായി പ്രതാപന്‍ രംഗത്തെത്തി. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് കടകവിരുദ്ധമാണ് പി.സി ജോര്‍ജിന്റെ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയ പി.സി ജോര്‍ജിന് യു.ഡി.എഫ് ഉപസമിതിയില്‍ തുടരാനുള്ള അവകാശം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജ്-പ്രതാപന്‍ പോരിനിടയിലാണ് ഗ്രീന്‍ പൊളിറ്റിക്‌സ് ഗ്രൂപ്പിനെതിരെ വിമര്‍ശനവുമായി എം.എം ഹസന്‍ രംഗത്തെത്തിയത്. ഇവരുടേത് ഗ്രീന്‍ പൊളിറ്റിക്‌സല്ല, ഗ്രീഡി പൊളിറ്റിക്‌സാണെന്നായിരുന്നു ഹസന്റെ പരിഹാസം. ധീരവ സമുദായത്തെപ്പറ്റി പി.സി ജോര്‍ജ് പറഞ്ഞപ്പോള്‍ പ്രകോപിതനാകുന്നതിനെയും ഹസന്‍ ചോദ്യം ചെയ്തു.

വി.ഡി സതീശന്റെയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നെല്ലിയാമ്പതിയില്‍ ബദല്‍ സന്ദര്‍ശനം നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണ്. സന്ദര്‍ശനം വിലക്കണമെന്ന് മുഖ്യമന്ത്രിയോടും കെ.പി.സി.സി പ്രസിഡന്റിനോടും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും മുഖ്യമന്ത്രി നിശബ്ദതയും നിസ്സംഗതയും പാലിച്ചെന്ന് ഹസന്‍ കുറ്റപ്പെടുത്തി.

ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് എം.എല്‍.എമാര്‍ നടത്തുന്നത്. യഥാര്‍ത്ഥ ഹരിത രാഷ്ട്രീയക്കാരാണെങ്കില്‍ അഞ്ച് ശതമാനം തോട്ടഭൂമി പ്രശ്‌നത്തില്‍ എന്തുകൊണ്ട് നിലപാടെടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇവരുടെ ഹരിത രാഷ്ട്രീയം എവിടെയായിരുന്നെന്നും ഹസന്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more