കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് രാജിവെച്ച സുവേന്തു അധികാരിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ നേതാവ് രജീബ് ബാനര്‍ജി രംഗത്ത്.
കഴിവുള്ളവരെയും നന്നായി പ്രവര്‍ത്തിക്കുന്നവരേയും തൃണമൂലില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും പ്രശംസിക്കുന്നവരെ മാത്രമാണ് വില കല്‍പ്പിക്കുന്നതെന്നും രജീബ് ബാനര്‍ജി ആരോപിച്ചു.
തനിക്ക് അങ്ങനെ കഴിയാത്തതിനാല്‍ പാര്‍ട്ടിയില്‍ തനിക്കുള്ള സ്‌കോര്‍ കുറവാണെന്നും സുവേന്തു അധികാരി പോയാല്‍ തൃണമൂലില്‍ ഒരു വലിയ ശൂന്യത സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നില്ല. അധികാരം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് തൃണമൂലില്‍ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറന്നുപറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും നല്ലത് ചെയ്യുന്നത് മോശവും മോശം ചെയ്യുന്നത് നല്ലതായും കാണുന്ന അവസ്ഥയാണ് പാര്‍ട്ടിക്കകത്തെന്ന് രജീബ് ബാനര്‍ജി ആരോപിച്ചു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെച്ച സുവേന്തു ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എതിര്‍ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന് പുറത്തുപോകാമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിരുന്നു.
സുവേന്തു അധികാരിയുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിക്കുന്നതായി തൃണമൂല്‍ എം.പി സൗഗത റോയ് നേരത്തെ പ്രതികരിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന് സുവേന്തു അധികാരി ഒരു അടഞ്ഞ അധ്യായമായി എന്നാണ് സൗഗത റോയ് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Conflict in Trinamool Congress, Mamata Banerjee in trouble