ഡമസ്‌ക്കസ്: വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് യാത്ര ചെയ്യുന്നത് ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം. സിറിയയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് പുറത്ത് പോകണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.
വിമതരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സിറിയയില്‍ ഹമ നഗരവും വിമത സംഘം പിടിച്ചെടുത്തിരുന്നു. സൈന്യവുമായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് വിമത സംഘം നഗരം കീഴടക്കിയത്.
സംഘര്‍ഷത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായും അതിനാല്‍ പ്രദേശത്ത് നിന്ന് പിന്മാറുന്നതായും സൈന്യം അറിയിച്ചിരുന്നു.
ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്.ടി.എസ്) എന്ന വിമതസംഘമാണ് നഗരം പിടിച്ചത്.
ഇതിന് മുമ്പ് സിറിയയിലെ വലിയ നഗരമായ ആലെപ്പോ വിമത സംഘം കീഴടക്കിയിരുന്നു. അടുത്തത് രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹോംസ് ലക്ഷ്യമിട്ടാണ് വിമതസംഘം നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്. ആലെപ്പോ വിമതസംഘം പിടിച്ചെടുത്തതിന് പിന്നാലെ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൈന്യം അറിയിച്ചിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെയാണ് വിമത സംഘത്തിന്റെ കലാപം. ഡമസ്‌കസില്‍ വിമതരുടെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് മോസ്‌കോയിലേക്ക് പറന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.