ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ രാജസ്ഥാന്‍ ബി.ജെ.പിയില്‍ ഭിന്നത.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ പല വിശ്വസ്തരെയും പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും അവര്‍ക്കനുകൂലമായി സംസ്ഥാനത്തുടനീളം പ്രതിഷേധം പൊട്ടി പുറപ്പെട്ടതായും ഐ എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിച്ചിട്ടും രാഷ്ട്രീയ ഭിന്നത കാരണമാണ് അവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടതെന്ന് അനുയായികള്‍ പറഞ്ഞു.
വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഉപരാഷ്ടപതിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ബൈരണ്‍ സിങ് ശെഖാവത്തിന്റെ മരുമകന്‍ നര്‍പത് സിങ് രാജ് വിക്ക് പകരം രാജസമന്ദ് എം.പി ദിയാ കുമാരിയെ പ്രഖ്യാപിച്ചിരുന്നു. ഇത് മണ്ഡലത്തില്‍ പ്രതിഷേധത്തിന് കാരണമായാതായും റിപ്പോര്‍ട്ടുകളുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.ജെ.പിക്കിടയില്‍ രൂപപ്പെടുന്ന ഭിന്നതയില്‍ കേന്ദ്ര നേത്യത്വത്തിന് അതൃപ്തിയുണ്ട്.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാന ഘടകത്തെ കണക്കിലെടുക്കാതെ കേന്ദ്രമെടുത്ത തീരുമാനങ്ങളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. കൂടാതെ പാര്‍ട്ടി പ്രസിഡന്റായ ജെ.പി നദ്ദയുടെ സ്വന്തം സംസ്ഥാനമായ ഹിമാചലിലെ തോല്‍വിയും ഇത്തരം തീരുമാനത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
രാജസ്ഥാനില്‍ ബി.ജെ.പി പ്രഖ്യാപിച്ച 41 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിമതരുടെ പ്രധിഷേധമുണ്ട്. ഇവരില്‍ പലരും സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
തിജ്‌റാ മണ്ഡലത്തില്‍ ആല്‍വാര്‍ എം.പി ബാബാ ബാല്‍ നായിക്കാണ് സ്ഥാനാര്‍ത്ഥി. ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച മാമന്‍ സിങ് യാദവ് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ജോത് വാര മണ്ഡലത്തില്‍ എം.പി രാജ് വര്‍ദ്ധന്‍ താക്കൂറാണ് സ്ഥാനാര്‍ത്ഥി. ഇതില്‍ പ്രതിഷേധവുമായി മുന്‍മന്ത്രി രാജ്പാല്‍ സിങ് ഷെഖാവത്തിന്റെ അനുയായികള്‍ രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് തവണ എം.എല്‍.എ ആയിരുന്ന വസുന്ധര രാജയുടെ വിശ്വസ്ത അനിത സിങ് ഗുജറാളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറത്തായി. പകരം ജവഹര്‍ സിങ്
ബീദമാണ് സ്ഥാനാര്‍ത്ഥി. വസുന്ധരാ രാജയോടുള്ള അനുഭാവമാണ് തന്നെ മാറ്റി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50000 ത്തോളം വോട്ടിന് തോറ്റ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാ തിന് പിന്നിലെന്ന് അനിത സിംഗ് ഗുജറാള്‍ പറഞ്ഞു.
വസുന്ധരാ രാജയോട് മുഖ്യമന്ത്രി അശോക് ഗെഹ്ലട്ടിനെതിരെ മത്സരിക്കാന്‍ കേന്ദ്രമാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ മാത്രമേ താന്‍ ഗെഹ്ലോട്ടിനെതിരായി മത്സരിക്കൂ എന്നാണ് വസുന്ധര രാജയുടെ നിലപാട്. ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്നതില്‍ കേന്ദ്രത്തിന് വിയോജിപ്പുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
content highlights: conflict in Rajasthan BJP after candidate announcement