ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മണിപ്പൂരിലെ കായിക താരങ്ങള്‍. ഒളിമ്പ്യന്‍ താരങ്ങളടങ്ങുന്ന 11 സ്‌പോര്‍ട്‌സ് താരങ്ങളാണ് കത്തയച്ചത്.
മണിപ്പൂരിലെ സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നില്ലെങ്കില്‍, സമാധാനം പുനസ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ ലഭിച്ച മെഡലുകളും അവാര്‍ഡുകളും തിരിച്ചേല്‍പ്പിക്കുമെന്ന് ഒളിമ്പിക് മെഡലിസ്റ്റ് മീരാഭായി ചാനു പറഞ്ഞു. വെയ്റ്റ് ലിഫ്റ്റര്‍ കുഞ്ചറാണി ദേവി, വനിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബെം ബെം ദേവി, ബോക്‌സര്‍ എല്‍. സരിതാ ദേവി തുടങ്ങിയവര്‍ ഒപ്പിട്ട കത്താണ് അയച്ചിരിക്കുന്നത്.
‘മണിപ്പൂരില്‍ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചിട്ടും ആളുകളെ കൊല്ലുകയും നിരപരാധികളായ സാധാരക്കാരെ അക്രമിക്കുന്നതും തുടരുകയാണ്. കുകി അക്രമകാരികള്‍ സാധാരണക്കാരെ അക്രമിക്കുന്നത് തടയാന്‍ അര്‍ധ സൈനിക വിഭാഗം തയ്യാറാകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആയുധധാരികളല്ലാത്ത സാധാരണക്കാരോടുള്ള ഇത്തരം ആക്രമങ്ങള്‍ ഞങ്ങള്‍ അപലപിക്കുന്നു. ദേശീയപാത രണ്ടിലെ ബ്ലോക്ക് ഉടന്‍ മാറ്റണം. ഇത് ചരക്ക് ഗതാഗതത്തെ ബാധിക്കുന്നത് കൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുന്നു,’ കത്തില്‍ പറയുന്നു.
തങ്ങള്‍ക്ക് ദല്‍ഹിയിലെയും മുംബൈയിലെയും ജനങ്ങള്‍ ജീവിക്കുന്നത് പോലെ ജീവിക്കണമെന്ന് കുഞ്ചറാണി പറഞ്ഞു.
‘തങ്ങളില്‍ നിന്ന് എല്ലാം എടുത്തോളൂ. പക്ഷേ ഞങ്ങള്‍ക്ക് സമാധാനം വേണം. ദല്‍ഹിയിലും മുംബൈയിലും ജനങ്ങള്‍ ജീവിക്കുന്നത് പോലെ ഞങ്ങള്‍ക്കും ജീവിക്കണം. ഞങ്ങള്‍ക്ക് സമാധാനമല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നാണ് നരേന്ദ്ര മോദിയോട് പറയാനുള്ളത്,’ കുഞ്ചറാണി പറഞ്ഞു.
നിരവധി സംഭാവനകള്‍ കായിക രംഗത്ത് തന്ന മെയ്തി വിഭാഗങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നില്ലെന്ന് സരിതാ ദേവിയും പറഞ്ഞു.
‘കായികരംഗത്ത് മെയ്തി വിഭാഗം നിരവധി സംഭാവന നല്‍കിയിട്ടുണ്ട്. എന്നിട്ടും ഞങ്ങളോട് ആരും ബഹുമാനം കാണിക്കുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെഡലുകള്‍ തിരികെ നല്‍കും,’ സരിതാ ദേവി പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇന്റിജീനിയസ് ട്രൈബല്‍ നേതാക്കളുടെ ഫോറവും (ITLF) അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. 15 ദിവസം കൊണ്ട് പരിഹാരം കണ്ടെത്തുമെന്ന് അമിത് ഷാ പറഞ്ഞതായി ഐ.ടി.എല്‍.എഫ് അറിയിച്ചിട്ടുണ്ട്.
വൈകുന്നേരം സര്‍വകക്ഷിയോഗവും ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരോടുള്ള യോഗത്തില്‍ സംഘര്‍ഷാവസ്ഥയില്‍ മരണപ്പെട്ടവരുടെ കുടംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് തീരുമാനിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കപ്പെടണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കോണ്‍ഗ്രസും നിവേദനം നല്‍കിയിട്ടുണ്ട്.
CONTENT HIGHLIGHT: Conflict in Manipur should be resolved; otherwise the medals shall be returned; Sports stars to Amit Shah