കൊച്ചി: എറണാകുളം തൃക്കാക്കര കെ.എം.എം കോളേജിലെ എന്‍.സി.സി ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി, പ്രമോദ്, ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സംഭവത്തില്‍ ഇടപെടാനെത്തിയ എസ്.എഫ്.ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടാക്കുകയും ചെയ്തു. എന്‍.സി.സി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് പ്രതിഷേധം നടന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ തളര്‍ന്നുവീഴുകയും തളര്‍ച്ച അനുഭവപ്പെടുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് 72 കുട്ടികളെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് കോളേജിന് മുമ്പില്‍ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിച്ചത്. ഇതിനിടയിലേക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്കെത്തി ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. സംഘര്‍ഷത്തിന് പിന്നാലെ ക്യാമ്പ് പിരിച്ചുവിടുകയും ചെയ്തു. കളമശേരിയിലും തൃക്കാക്കരയിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യം കൂടിയായതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായെന്ന് സംശയിക്കാന്‍ കാരണമായത്.
അതേസമയം എന്‍.സി.സി അധ്യാപകരില്‍ നിന്ന് മര്‍ദനമേറ്റെന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍.സി.സി അധികൃതര്‍ അറിയിച്ചു.